സിബിഎസ്ഇ 10, 12 ഒന്നാം ടേം പരീക്ഷയുടെ സാമ്പിള്‍ ഒഎംആര്‍ ഷീറ്റ് പുറത്തിറക്കി. അഡ്മിറ്റ് കാര്‍ഡ് നവംബര്‍ ഒമ്പതിന് പുറത്തിറക്കും.
പരീക്ഷാര്‍ത്ഥികള്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ (cbse.gov.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ബോര്‍ഡ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളും ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.
പ്രാക്ടിക്കല്‍സ്, ഇന്റേണല്‍ അസസ്മെന്റ്, പ്രോജക്ട് വര്‍ക്ക് എന്നിവയുടെ മാര്‍ക്കുകള്‍ ഡിസംബര്‍ 23-നകം സിബിഎസ്ഇ ലിങ്കില്‍ സമര്‍പ്പിക്കണം. നിശ്ചിത തീയതിക്കകം മാര്‍ക്ക് അപ്ലോഡ് ചെയ്തില്ലെങ്കില്‍, ബോര്‍ഡ് വിദ്യാര്‍ത്ഥികളുടെ ഫലം ഇന്റേണല്‍ മാര്‍ക്ക് പരിഗണിക്കാതെ പ്രഖ്യാപിക്കും.
സിബിഎസ്ഇ ആദ്യമായി ഒഎംആര്‍ ഷീറ്റുകളില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതിനാല്‍, പരീക്ഷകരെയും വിദ്യാര്‍ത്ഥികളെയും സഹായിക്കുന്നതിനായി സിബിഎസ്ഇ മാര്ഗനിര്ദ്ദേശങ്ങളോടുകൂടിയ ഒരു സാമ്പിള്‍ ഒഎംആര്‍ ഷീറ്റ് പുറത്തിറക്കിയിട്ടുണ്ട്. ബോര്‍ഡ് പരീക്ഷകള്‍ക്കായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ഒഎംആര്‍ ഷീറ്റുകള്‍ ഓരോ സിബിഎസ്ഇ പരീക്ഷാ കേന്ദ്രങ്ങളിലും നല്‍കും.
ഒഎംആര്‍ ഷീറ്റ് പൂരിപ്പിക്കാന്‍ നീലയും കറുപ്പും ബോള്‍ പോയിന്റ് പേന മാത്രമേ അനുവദിക്കൂ. ഒഎംഎആര് ഷീറ്റ് പൂരിപ്പിക്കുന്നതിന് പെന്‍സില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എല്ലാ ഉത്തരങ്ങളും ചോദ്യത്തിന്റെ സീരിയല്‍ നമ്പര്‍ അനുസരിച്ച് അടയാളപ്പെടുത്തണം.
സര്‍ക്കിളില്‍ ഉത്തരം അടയാളപ്പെടുത്തിയ ശേഷം, വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്ന ബോക്സില്‍ തിരഞ്ഞെടുത്ത ഓപ്ഷന് എഴുതണം. ബോക്സില്‍ എഴുതിയ മറുപടി ബോര്‍ഡ് അന്തിമമായി കണക്കാക്കും.
റഫ് വര്‍ക്കുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഷീറ്റുകള്‍ നല്‍കും. അനുവദനീയമായ വസ്തുക്കളുടെ ലിസ്റ്റില്‍ പറഞ്ഞ വസ്തുക്കള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കൂ. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശവും പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളും ബോര്‍ഡ് നവംബര്‍ ഒമ്പതിന് പുറപ്പെടുവിക്കും.
Mediawings: