എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ

തിരുവനന്തപുരം : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാൻ, പകർത്തുന്ന ദൃശ്യങ്ങൾ സ്റ്റേഷനുകളിൽ സൂക്ഷിക്കാതെ സംസ്ഥാന ഡേറ്റാ സെന്ററിൽ സൂക്ഷിക്കാനും ആഭ്യന്തര വകുപ്പ് നിർദേശിച്ചു.

520 പൊലീസ് സ്റ്റേഷനുകളിൽ ക്യാമറ സ്ഥാപിക്കാൻ 41.60 കോടിരൂപയാണ് ചെലവ്. ദൈനംദിന ദൃശ്യങ്ങൾ ഡേറ്റാ സെന്ററിലേക്കു തടസ്സമില്ലാതെ കൈമാറാൻ സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ശേഖരിക്കുന്ന ദൃശ്യങ്ങൾ ഡേറ്റാ സെന്ററിലേക്കു കൃത്യമായി കൈമാറുന്നുണ്ടെന്നും ബന്ധപ്പെട്ടവർ ഉറപ്പാക്കണം.

വാങ്ങുന്ന ക്യാമറകൾക്ക് 5 വർഷം വാറന്റി വേണം. ഇ–ടെൻഡർ നടപടികളിലൂടെയാകണം കമ്പനികളെ തിരഞ്ഞെടുക്കേണ്ടത്. പൊലീസിലെ സാങ്കേതിക സമിതി പദ്ധതിയുടെ ഓരോ ഘട്ടവും പരിശോധിച്ച് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടങ്ങൾ, പിൻവശം, ലോക്കപ്പ്, ഇടനാഴി, വരാന്ത, ഔട്ട്ഹൗസ്, റിസപ്ഷൻ, പരിസരം, ശുചിമുറിയുടെ പുറം ഭാഗം, ഇൻസ്പെക്ടറുടെ മുറി എന്നിവിടങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചത്. ദൃശ്യം മാത്രമല്ല, ശബ്ദവും പകർത്താവുന്നതും രാത്രി ദൃശ്യങ്ങൾ വ്യക്തമായി ലഭ്യമാകുന്ന റെക്കോർഡിങ് സംവിധാനം വേണമെന്നും കോടതി നിർദേശിച്ചിരുന്നു.

spot_img

Related Articles

Latest news