കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കത്തയച്ചു.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോള്‍ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തിര സ്വഭാവവും ഇല്ല – മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി 28ന് കൊച്ചിയില്‍ ബി.ജെ.പി പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസംഗം അവരുടെ രാഷ്ട്രീയ ഇടപെടലിന്‍റെ സൂചനയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെയും സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചത്. അന്വേഷണ കാര്യത്തില്‍ ഇ.ഡി കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്‍റെ ഫലമാണ്.

നിര്‍മ്മലാ സീതാരാമന്‍ നയിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ കീഴിലാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നത്. ഒരു കേസില്‍ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. എന്നാല്‍ ഇവിടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നത്.

മാര്‍ച്ച്‌ രണ്ടിന് ഇലക്‌ട്രോണിക് മീഡിയ റിപ്പോര്‍ട്ട് ചെയ്തത് കിഫ്ബി സി.ഇ.ഒക്ക് സമന്‍സ് നല്‍കി എന്നാണ്. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് ഇത്തരത്തില്‍ സമന്‍സ് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അന്തരീക്ഷം വഷളാക്കാനാണ് ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത്.

ഉദ്യോഗസ്ഥരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടല്‍. അന്വേഷണ ഏജന്‍സികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

spot_img

Related Articles

Latest news