ന്യൂഡല്‍ഹി: കേന്ദ്ര സായുധ സേന കോണ്‍സ്റ്റബിള്‍ പരീക്ഷകള്‍ ഇനി മുതല്‍ മലയാളത്തിലും എഴുതാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ എഴുതാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് പരീക്ഷ എഴുതാൻ സാധിച്ചിരുന്നത്.അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നിങ്ങനെ 15 ഭാഷകളില്‍ പരീക്ഷ എഴുതാവുന്നതാണ്. ഫെബ്രുവരി 20 മുതല്‍ മാർച്ച് ഏഴ് വരെയാണ് ഈ വർഷത്തെ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ നടക്കുന്നത്. 128 നഗരങ്ങളിലായി പരിക്ഷയെഴുത്ത 48 ലക്ഷം ഉദ്യോഗാർത്ഥികള്‍ക്ക് ഇത് സഹായകരമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സിആർപിഎഫ്, ബിഎസ്എഫ്,സിഐഎസ്എഫ്, ഐടിബിപി, അസം, റൈഫിള്‍സ്, എസ്എസ്ബി എന്നിവയാണ് കേന്ദ്ര സായുധ സേനയുടെ ഉപവിഭാഗങ്ങള്‍. സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് സിഎപിഎഫിലേക്കുള്ള പരീക്ഷകള്‍ നടത്തുന്നത്. 13 പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പെടെ 15 ഭാഷകളില്‍ പരീക്ഷ നടത്തുന്നതിനുള്ള അനുമതി ഈ വർഷം കമ്മീഷൻ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും വാങ്ങിയിരുന്നു.