പ്രവാസികളെ അവഗണിച്ച കേന്ദ്ര ബജറ്റ്: നവോദയ

ദമ്മാം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ പൂർണമായും കയ്യൊഴിയുന്നതും, പ്രതിഷേധാർഹവുമാണെന്ന് നവോദയ കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. 2022 ലെ കേന്ദ്ര ബജറ്റ് ,കോവിഡ് മഹാമാരി കാരണം പ്രതിസന്ധികള്‍ നേരിടുന്ന പ്രവാസികൾക്ക് വേണ്ടി യാതൊന്നും നീക്കി വച്ചിട്ടില്ല.

ഗൾഫ് മേഖലയിൽ വ്യാപകമായ തൊഴിൽ നഷ്ടമാണ് കോവിഡ് കാലത്ത് ഉണ്ടായിട്ടുള്ളത്. നിരവധി പ്രവാസികൾ മടങ്ങി വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങി പോയിട്ടുണ്ട്. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനും, തിരിച്ചു വരുന്ന നിപുണരായ തൊഴിലാളികളെ ഉൾകൊള്ളുന്ന വ്യവസായമേഖല ഉയർന്നു വരുന്നതും, പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാര മാർഗ്ഗങ്ങളും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് യാതൊരു സാമ്പത്തിക സഹായവും ഉണ്ടായില്ല. കാലങ്ങളായി തുടർന്ന് വരുന്ന കേന്ദ്ര അവഗണന ഈ ബജറ്റിലും ആവർത്തിക്കുകയാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 73,000 കോടി രൂപയാണ്. ഇത് 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 25,000 കോടി രൂപ കുറവാണ്. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.

കോവിഡ് കാലഘട്ടത്തില്‍ 39000 കോടി രൂപ വാക്‌സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോള്‍ 5000 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. മൂന്നാം തരംഗം ഉണ്ടായ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് കൊടുക്കേണ്ടത് ആവശ്യമായി വരുന്ന ഘട്ടത്തിൽ ഈ തുക അപര്യാപ്തമാണ്.

ഭക്ഷ്യ സബ്‌സിഡി 28 ശതമാനമാണ് വെട്ടിക്കുറ ച്ചിരിക്കുന്നത്. ഇത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന നടപടിയായിരിക്കും. വളം സബ്‌സിഡിയില്‍ വരുത്തിയ 25 ശതമാനത്തിന്റെ കുറവും നമ്മുടെ കാര്‍ഷിക മേഖലയെ ഗൗരവമായി ബാധിക്കുന്ന ഒന്നാണ്. സഹകരണ മേഖലയിലെ നികുതി വിഹിതം കോര്‍പ്പറേറ്റുകള്‍ക്ക് തുല്യമാക്കി മാറ്റിയ നടപടി സഹകരണ മേഖലയെ ഒരു തരത്തിലും സഹായിക്കുന്ന ഒന്നല്ല.

ഗ്രാമ വികസനത്തിനായി നീക്കിവെച്ചിട്ടുള്ള തുക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെന്നത് ഗ്രാമീണ വികസനത്തിന് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും.

കേരളം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ് അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. റെയില്‍വേ സോണ്‍ എന്ന ആവശ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച തുകയിലും ആവശ്യകതയ്ക്ക് അനുസരിച്ച് പുരോഗതി ഉണ്ടായിട്ടില്ല. കെ-റെയിലും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.

ജിഎസ്ടി നഷ്ടപരിഹാരം 5 വര്‍ഷം കൂടി നീട്ടിനല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വായ്പാ പരിധി 5 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

രാജ്യത്തെ 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കിവെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തില്‍ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കാൻ കേന്ദ്രം മടിക്കുകയാണ്. രാജ്യത്ത് 20 കോടി തൊഴിലവസരങ്ങളാണ് ഇല്ലാതായത്.

സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്ര ബജറ്റ്‌ പൂർണമായും പരാജയപ്പെട്ടു. വരുമാനനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപയും സൗജന്യ ഭക്ഷണകിറ്റും നൽകണമായിരുന്നു. ജനകോടികൾ അതിദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു എന്ന കണക്കുകൾ വരുന്ന കാലത്ത് പ്രത്യേകിച്ചും അത് അനിവാര്യമായിരുന്നു.

കർഷകർക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കോവിഡ്‌ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന കുട്ടികളെ സഹായിക്കാൻ ബജറ്റിൽ ഒന്നുമില്ല. രണ്ട്‌ വർഷമായി എൽപിജി സബ്‌സിഡി വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു. പണപ്പെരുപ്പം പരിഗണിക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിഹിതത്തിലും വർധനയില്ല.

പൊതുവിൽ പ്രവാസികൾക്കും സാധാരണക്കാർക്കും ഒന്നുമില്ലാത്ത, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവച്ചു കൊണ്ട് സംസ്ഥാനങ്ങളുടെ പ്രവർത്തന സാധ്യതകളെ പരിമിതപ്പെടുത്തുന്ന കോർപ്പറേറ്റ് പ്രീണന ബജറ്റ് ആണിത് എന്ന് നവോദയ കേന്ദ്രകമ്മിറ്റി അഭിപ്രായ പ്പെട്ടു.

spot_img

Related Articles

Latest news