ഹിന്ദി പ്രചാര സഭയുടെ കേന്ദ്ര ഗ്രാന്റ് നിലച്ചു

തിരുവനന്തപുരം: രണ്ടു ‍വർഷമായി കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് മുടങ്ങിയതോടെ കേരള ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കൊവിഡ് കാരണം കോഴ്സുകളില്‍ പ്രവേശനവും പരീക്ഷകളും നടത്താനാവുന്നില്ല. അദ്ധ്യാപകര്‍ക്കുള്‍പ്പെടെ ശമ്പളം ഭാഗികമായും ഹിന്ദി പ്രചാരകര്‍ക്കുള്ള പെന്‍ഷന്‍ പൂര്‍ണമായും മുടങ്ങി.

വര്‍ഷത്തില്‍ 50 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയിരുന്നത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നിലച്ചു. സുഗമ ഹിന്ദി പരീക്ഷ,​ പ്രഥമ മുതല്‍ സാഹിത്യാചാര്യ വരെയുള്ള കോഴ്സുകള്‍,​ ബി.എ,​ എം.എ,​ അദ്ധ്യാപക,​ വിവര്‍ത്തന കോഴ്സുകള്‍ തുടങ്ങിയവയാണ് നടത്തുന്നത്.

കോഴ്സ് ഫീസ്,​ പുസ്തകങ്ങളുടെ വില്‍പ്പന എന്നിവയാണ് പ്രധാന വരുമാന മാര്‍ഗം. കൊവിഡ് കാരണം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ചെലവുകള്‍ക്കായി വായ്പയെടുത്ത് ഇപ്പോള്‍ ഒരു കോടിയോളം രൂപ കടത്തിലാണ്.

1934ലാണ് വഴുതക്കാട്ട് ഹിന്ദി പ്രചാരസഭ ആരംഭിച്ചത്. ഹിന്ദി പ്രചാരകര്‍ തിരഞ്ഞെടുക്കുന്ന സമിതിയാണ് ഭരണം നടത്തുന്നത്. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രത്തിനു പുറമേ ആലപ്പുഴ,​ പാലക്കാട്,​ കോഴിക്കോട്,​ തൃശൂര്‍,​ കണ്ണൂര്‍ ഉപ കേന്ദ്രങ്ങളും ജില്ലാ കേന്ദ്രങ്ങളുമുണ്ട്.

110 സ്ഥിരം ജീവനക്കാര്‍. ഇപ്പോള്‍ പകുതി ശമ്പളമാണ് ലഭിക്കുന്നത്. വര്‍ഷം നാല്‍പ്പത്തിനായിരത്തിലേറെ കുട്ടികള്‍ പഠിച്ചിരുന്നിടത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈനായി പങ്കെടുത്തത് നാലായിരംപേര്‍. ഈ വര്‍ഷം ഇതുവരെ കോഴ്സ് തുടങ്ങാനായില്ല.

സുഗമ ഹിന്ദി പരീക്ഷയില്‍ ആറുലക്ഷം കുട്ടികള്‍ പങ്കെടുത്തിരുന്നിടത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈനായി പങ്കെടുത്തത് അന്‍പതിനായിരം പേര്‍ മാത്രം. ജൂണില്‍ തുടങ്ങേണ്ട അദ്ധ്യാപക പരിശീലന കോഴ്സുകള്‍ക്ക് അപേക്ഷകരില്ലാത്തതിനാല്‍ അപേക്ഷാ തീയതി മുപ്പതു വരെ നീട്ടിയിരിക്കുകയാണ്

പ്രതിവര്‍ഷ വരുമാനം രണ്ടര – മൂന്നു കോടിയായിരുന്നത് ഇപ്പോള്‍ 36 ലക്ഷമായി. കോഴ്സുകള്‍ക്ക് മുടക്കം വരാതെ മുന്നോട്ടു പോകാനാണ് ശ്രമം. ഈ അവസ്ഥയില്‍ നിന്നു രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച്‌ ഭരണസമിതി കേന്ദ്ര,​ സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിട്ടുണ്ട്.

സര്‍ക്കാരുകളുടെ സഹായത്തിന്റെ കാര്യത്തില്‍ ശുഭ പ്രതീക്ഷയാണെന്ന് സെക്രട്ടറി ബി.മധു പറഞ്ഞു.

spot_img

Related Articles

Latest news