കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കണമെന്ന ആവശ്യത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതോടെ വാക്സിന്‍ ലഭ്യത വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് അതിവേഗം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന് കെനിയ, മൊസാംബിക്, പാകിസ്ഥാന്‍, ബൊളീവിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കോവിഡ് നിയന്ത്രണം കൈവരിക്കുന്നതുവരെ വാക്സിന്‍ അടക്കമുള്ള കോവിഡ് ഉല്‍പ്പന്നങ്ങളെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് ലോകവ്യാപാര സംഘടനയോട് (വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍) ആവശ്യപ്പെട്ടിരുന്നു.
ലോക വ്യാപാര സംഘടനയുടെ ട്രിപ്സ് കരാറനുസരിച്ചുള്ള (Trade-Related Aspects of Intellectual Property Rights: TRIPS) ആര്‍ട്ടിക്കിള്‍ 73(ബി) പ്രകാരം രാജ്യസുരക്ഷയ്ക്കായി എന്ത് നടപടിയും സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് അവകാശമുണ്ട്. ലോകവ്യാപാര സംഘടനയില്‍ അംഗങ്ങളായ 164ല്‍ 100 രാജ്യവും ബൗദ്ധികസ്വത്തവകാശ ഇളവിനെ അനുകൂലിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ബൗദ്ധികസ്വത്തവകാശ ഇളവിനെ എതിര്‍ത്തിരുന്നു. ജോ ബൈഡന്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് അമേരിക്ക ഇപ്പോള്‍ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പൊതുമേഖലാ വാക്സിന്‍ ഫാക്ടറികളിലൂടെ കോവിഡ് വാക്സിന്‍ ഉല്‍പ്പാദിപ്പിച്ച് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 2008ലെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കസൌളി, പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൂനൂര്‍, ബിസിജി വാക്സിന്‍ ലാബോറട്ടറി ഗിണ്ടി, ചെങ്കല്‍പെട്ടിലുള്ള എച്ച്‌ബിഎല്‍ ഇന്റഗ്രേറ്റഡ് വാക്സിന്‍ കോംപ്ലക്സ് എന്നീ പൊതുമേഖലാ വാക്സിന്‍ ഫാക്ടറികളുടെ ലൈസന്‍സ് നല്ല ഉല്‍പ്പാദനരീതികള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് റദ്ദാക്കിയിരുന്നു.
ഈ ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന ഏതാണ്ട് ആയിരം കോടി രൂപയ്ക്കുള്ള വാക്സിനുകള്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്തുവന്നിരുന്നു. വാക്സിന്‍ ഫാക്ടറികള്‍ പൂട്ടിയതിനെതിരെ രാജ്യമെട്ടാകെ പ്രതിഷേധം അലയടിച്ചുയര്‍ന്ന സാഹചര്യത്തില്‍ അമര്‍സിങ് എംപി അധ്യക്ഷനായുള്ള ആരോഗ്യ കുടുംബക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ചിരുന്നു. ലോകാരോഗ്യ സംഘടന വാക്സിന്‍ ഫാക്ടറിയിലെ അടിസ്ഥാന സൗകര്യത്തിലുള്ള ചില കുറവുകള്‍ ചൂണ്ടിക്കാട്ടിയതല്ലാതെ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ടിരുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തി. മാത്രമല്ല, ഫാക്ടറിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സഹായം നല്‍കാന്‍ ലോകാരോഗ്യസംഘടന തയ്യാറായിരുന്നെങ്കിലും അത് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വിഴ്ചവരുത്തിയതായും കമ്മിറ്റി കണ്ടെത്തി.
അടച്ചുപൂട്ടിയ സര്‍ക്കാര്‍ വാക്സിന്‍ ഫാക്ടറിയിലെ സൗകര്യംപോലുമില്ലാത്ത ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമിറ്റഡില്‍നിന്ന് വിലകൂടിയ വാക്സിന്‍ വാങ്ങിയതിനെയും കമ്മിറ്റി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും പിന്നീട് നടന്നിട്ടില്ല. പുതിയ സാഹചര്യം കണക്കിലെടുത്ത് പൊതുമേഖലാ വാക്സിന്‍ ഫാക്ടറികളില്‍ ആധുനിക ജനിതക വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെടുത്ത് കോവിഡ് വാക്സിന്‍ രാജ്യത്തുതന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ സ്വകാര്യസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇതിനിടെ 5000 കോടി രൂപ ഗ്രാന്റ് നല്‍കിയിരുന്നു. എന്നാല്‍, അപ്പോഴും പൊതുമേഖലാ ഔഷധക്കമ്പനികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന പേരില്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കാതെതന്നെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രാപ്തമാക്കാനെന്ന് അവകാശപ്പെട്ട് നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന സ്വാശ്രയത്തെ പ്രോത്സാഹിപ്പിക്കാനെന്ന് അവകാശപ്പെട്ടുള്ള പദ്ധതികള്‍ക്കായി 20 ലക്ഷം കോടി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഏറ്റവും സുപ്രധാന പങ്കുവഹിക്കേണ്ട വാക്സിന്‍ ലഭ്യതയുടെയും വിതരണത്തിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നയങ്ങള്‍ അബദ്ധ ജടിലമാണ്. കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതില്‍ ആദ്യം മുതല്‍ തന്നെ ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ഐസിഎംആര്‍ ബയോടെക് കമ്പനിയെയും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആശ്രയിച്ചു പോന്നത്. സി
റം ഇന്‍സ്റ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയുടെ ഭാഗമായി നിരവധി വികസ്വരരാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയത് ഇന്ത്യയുടെ ഖ്യാതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോഡിയെ വാക്സിന്‍ ഗുരു എന്ന് വിശേഷിപ്പിക്കാനും ചില മാധ്യമങ്ങള്‍ മുന്നോട്ടുവന്നു. മനുഷ്യ പരീക്ഷണഘട്ടം പൂര്‍ത്തിയാക്കാതെ കഴിഞ്ഞ ആഗസ്ത് 15ന്റെ സ്വാതന്ത്ര്യ ദിനത്തിനുതന്നെ ഭാരത് ബയോടെക്കിന്റെ വാക്സിന്‍ വിതരണം ആരംഭിക്കാനുള്ള ശ്രമം വിവാദമായതോടെ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. ഇതൊക്കെയായിട്ടും ഇന്ത്യക്കാവശ്യമായ വാക്സിന്‍ എത്രയെന്ന് കണക്കാക്കി ഉചിതമായ വാക്സിന്‍നയം ആവിഷ്കരിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.
18 വയസ്സിന് താഴെയുള്ളവരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ നമുക്ക് കുറഞ്ഞത് ദിനം പ്രതി 60 കോടി ഡോസ് വാക്സിന്‍ വേണ്ടി വരും. എന്നാല്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനുംകൂടി എത്ര ശ്രമിച്ചാലും ഇതിന്റെ പകുതി ഡോസ് പോലും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍, തദ്ദേശീയ വാക്സിന്‍ ഫാക്ടറികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇപ്പോള്‍ സാക്ഷാല്‍ അമേരിക്ക തന്നെ കോവിഡ് വാക്സിനുമേലുള്ള ബൗദ്ധികസ്വത്തവകാശ നിയമം ഇളവു ചെയ്യാനുള്ള നീക്കത്തെ പിന്താങ്ങിയ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ഇന്ത്യന്‍ പൊതുമേഖലാ ഔഷധക്കമ്പനികള്‍ നവീകരിച്ചും വിപുലീകരിച്ചും വാക്സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിണ്ടതുണ്ട്.
വാക്സിനുമേലുള്ള ബൗദ്ധിക സ്വത്തവകാശം ട്രേഡ് സീക്രട്ട് എന്ന വകുപ്പിന്റെ പരിധിയില്‍ പെടുന്നതിനാല്‍ മറ്റ് ചില കടമ്പകളും കടക്കേണ്ടതുണ്ട്. വാക്സിന്‍ പേറ്റന്റ് ചെയ്തിട്ടുള്ള നിര്‍വഹണ ഏജന്‍സിയുടെ (Regulatory Agency) പക്കലാണ് വാക്സിന്‍ ഉല്‍പ്പാദനരീതിയും മറ്റും സംബന്ധിച്ച ശാസ്ത്രീയവിവരങ്ങളുള്ളത്, വിവരസംരക്ഷണം (Data Protection) എന്ന ലോകവ്യാപര സംഘടന വകുപ്പനുസരിച്ച് മറ്റാര്‍ക്കും പ്രസ്തുത വിവരങ്ങള്‍ കൈമാറാന്‍ നിര്‍വഹണ ഏജന്‍സികള്‍ തയ്യാറാകണമെന്നില്ല.
മാത്രമല്ല, അത്തരം വിവരങ്ങള്‍ ലഭ്യമായാല്‍ത്തന്നെ വാക്സിന്‍ മറ്റ് രാജ്യങ്ങളില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുമുമ്പും വീണ്ടും മനുഷ്യപരീക്ഷണവും മറ്റും നടത്തണമെന്ന് നിഷ്കര്‍ഷിക്കാനും സാധ്യതയുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാക്സിന്‍ ലഭ്യമാക്കാന്‍ വര്‍ഷങ്ങളെടുത്തു എന്നു വരാം. നമ്മുടെ അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇതെല്ലാം തടസ്സമുണ്ടാക്കും. അതു കണക്കിലെടുത്ത് അമേരിക്കയുടെ മാറിയ നയസമീപനം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തി വാക്സിനുമേലുള്ള ട്രേഡ് സീക്രട്ട് ഉപാധിയും മറ്റു നിബന്ധനകളും ലഘൂകരിച്ച് വാക്സിന്‍ ഉല്‍പ്പാദനം ത്വരിതഗതിയില്‍ ആരംഭിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്.