കൊവിഡ് കേസുകള്‍ കുറയുമ്പോഴും ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ചു.

വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താകണം ഇളവുകളെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 5000-ന് താഴെയെത്തിയതോടെ കൊവിഡ് നിയന്ത്രണങ്ങളിലും നിരീക്ഷണത്തിലും പല സംസ്ഥാനങ്ങളും ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയാല്‍ അത് വീണ്ടും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് കേന്ദ്രം ഓര്‍മിപ്പിച്ചു. കര്‍ശനമായ മേല്‍നോട്ടം ഈ ഘട്ടത്തിലും ആവശ്യമാണെന്ന് കത്തിലൂടെ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നീ മൂന്ന് കാര്യങ്ങളില്‍ വിട്ടുവീഴ്ച നടത്തരുതെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. കൊവിഡ് പ്രതിരോധത്തിയി മാസ്‌ക്, സാമൂഹ്യഅകലം, സാനിറ്റൈസേഷന്‍ എന്നിവയും കൃത്യമായി പാലിക്കപ്പെടണം. ടെസ്റ്റുകള്‍ കുറയ്ക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,683 സാമ്പിളുകളാണ് പരിശോധിച്ചത്. 847 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,756 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,016 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 100 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 6464 കൊവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 12 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,197 ആയി.

spot_img

Related Articles

Latest news