ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) 1937, ഹിന്ദു വിവാഹ നിയമം, പിന്തുടര്‍ച്ചാ നിയമം, സിവില്‍ നടപടിക്രമം തുടങ്ങി 52 നിയമങ്ങള്‍ പുന:പരിശോധിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം. നിയമപുസ്തകം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കാലത്ത് പ്രസക്തിയില്ലാത്ത നിരവധി വ്യവസ്ഥകളും പഴയ നിയമങ്ങളും അടങ്ങിയിട്ടുണ്ടെന്നും ഇതെല്ലാം പുന:പരിശോധിച്ച് ‘ശുദ്ധീകരിക്ക’ലാണ് ഉദ്ദേശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ നിയമങ്ങളുടെ നിലവിലെ പ്രസക്തിയും ഇവയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര നിയമവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങളിലെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ചിലത് സിവില്‍ കുറ്റകൃത്യമാക്കുന്നത് അടക്കമുള്ളവയെ കുറിച്ചുള്ള അഭിപ്രായവും നിര്‍ദേശവും അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പവേഴ്‌സ് ഓഫ് അറ്റോണി, ഒഫീഷ്യല്‍ ട്രസ്റ്റീസ്, കൊമേഴ്ഷ്യല്‍ എവിഡെന്റ്‌സ്, സ്‌പെഷ്യല്‍ മാര്യേജ്, ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍, സ്‌പെസിഫിക് റിലീഫ് തുടങ്ങിയവയാണ് പുന:പരിശോധനയ്ക്കു വച്ച മറ്റു പ്രധാന നിയമങ്ങള്‍.