റിയാദ്: പുതുപ്പള്ളി എം.എൽ.എയും കോൺഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മൻ സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമായും വധശിക്ഷക്ക് വിധിച്ച് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി ഇന്ത്യൻ അംബാസിഡറും യമൻ എംബസിയുടെ ചുമതലയുമുള്ള ഡോ: സുഹൈൽ അജാസ് ഖാനും, ഡി.സി.എം അബു മാത്തൻ ജോർജുമായി റിയാദ് ഇന്ത്യൻ എംബസിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിൽ കാര്യങ്ങൾ വിശദീകരിച്ചത്.
അതോടൊപ്പം ഇന്ത്യക്കാരുടെ കാര്യത്തിൽ എംബസി നൽകുന്ന സേവനങ്ങളെ കുറിച്ചും, കാലാവധി തീർന്ന ഇക്കാമ പുതുക്കലും, ഉറുബടക്കം എക്സിറ്റ് സംബന്ധമായ മറ്റു വിഷയങ്ങളടക്കം സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധങ്ങളായ വിഷയങ്ങളും ചർച്ച ചെയ്തു. സൗദിയിൽ എത്തുന്ന വിസിറ്റേഴ്സ് സൂചിപ്പിക്കുന്ന അതാത് കാര്യങ്ങൾ ഇന്ത്യൻ ഗവൺമെന്റിനെ സമയ ബന്ധിതമായി ഇന്ത്യൻ എംബസി അറീയിക്കാറുണ്ടെന്നും, സൗദി അറേബ്യയിലെ മാറ്റങ്ങൾ ഇന്ത്യയുടെ ബിസിനസ്സ് മേഖലകളിലും അതോടൊപ്പം തൊഴിലാളി സമൂഹത്തിനും ഗുണകരമാണന്നും, മിഷൻ 2030 ന്റെ ഭാഗമായി മാറുന്ന സൗദിയിലെ വിവിധ ഫെസ്റ്റുകളിൽ ഇന്ത്യയുടെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കാനും, പ്രദർശിപ്പിക്കുവാനും സൗദി ഭരണകൂടം അതിയായ താൽപര്യങ്ങൾ എടുക്കാറുണ്ടെന്നും സൂചിപ്പിച്ചു.
തുടർന്ന് എംബസ്സിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിനു നൽകുന്ന സേവനങ്ങൾക്ക് ചാണ്ടി ഉമ്മൻ എംഎൽഎ നന്ദി രേഖപ്പെടുത്തി.
കൂടിക്കാഴ്ചയിൽ എംബസി ഉദ്യോഗസ്ഥൻ സാബിർ ( Counsellor CW ), ഒഐസിസി നേതാക്കളായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, റഷീദ് കൊളത്തറ, ബാലു കുട്ടൻ തുടങ്ങിയവരും അദ്ധേഹത്തോടൊപ്പം സന്നിഹിതരായി.