തിരുവനന്തപുരം: പിന്‍വാതില്‍ വഴി സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെത്തിയ കരാര്നിയമനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം വീണ്ടും. കരാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ റെക്കോഡ് കീപ്പര്‍, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്, പ്രൊജക്ഷനിസ്റ്റുകള്‍ അടക്കം ആറുപേരെയാണ് സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി ഭരണസമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
ഇതുസംബന്ധിച്ച് കത്ത് അക്കാദമി സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് കൈമാറി. പുതുതായി തസ്തിക സൃഷ്ടിച്ചാണ് ഇവരെ നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇതുമൂലമുള്ള അധിക സാമ്പത്തിക ബാധ്യതയെ സംബന്ധിച്ച് സാംസ്കാരിക വകുപ്പ് അഡീഷനല്‍ സെക്രട്ടറി അക്കാദമിയോട് ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലടക്കം പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളായി പതിനായിരങ്ങള്‍ തൊഴില്‍ കാത്ത് നില്‍ക്കുമ്പോഴാണ് സി-ഡിറ്റിലും കിലയിലും കെല്‍ട്രോണിനും പിന്നാലെ ചലച്ചിത്ര അക്കാദമിയിലും സ്ഥിരപ്പെടുത്തലിന് അരങ്ങൊരുങ്ങിയിരിക്കുന്നത്. അക്കാദമിയുടെ ഇടതുപക്ഷ അനുഭാവം നിലനിര്‍ത്തുന്നതിന് ഇടതുപക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാനും സംവിധായകനുമായ കമല്‍ സംസ്ഥാന സാംസ്കാരിക വകുപ്പിന് അയച്ച കത്ത് നേരത്തേ വിവാദമായിരുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍ ഫെസ്റ്റിവല്‍, പ്രോഗ്രാം മാനേജര്‍ ഫെസ്റ്റിവല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോഗ്രാംസ്, പ്രോഗ്രാം മാനേജര്‍ പ്രോഗ്രാംസ് എന്നീ തസ്തികകളില്‍ നാലരവര്‍ഷം പൂര്‍ത്തിയാക്കി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ആവശ്യം. കമലിെന്റ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പുറത്തുവിട്ടതോടെ ഇൗ നീക്കം പൊളിയുകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെന്റ അവസാനകാലത്തും പിണറായി സര്‍ക്കാറിെന്റ തുടക്കത്തിലും അക്കാദമിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. അതേ മാനദണ്ഡം മാത്രമാണ് ആറു ജീവനക്കാരുടെ കാര്യത്തിലും തുടരുന്നതെന്നാണ് അക്കാദമിയുടെ പക്ഷം.
എന്നാല്‍, ഇപ്പോള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചവരില്‍ ചിലരെ അക്കാദമിതന്നെ കരാര്‍ അവസാനിപ്പിച്ച് നേരത്തേ പറഞ്ഞുവിടുകയും പിന്നീട് രാഷ്്ട്രീയ സമര്‍ദത്തെ തുടര്‍ന്ന് വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.