സംസ്ഥാനത്ത് നാളെ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇടുക്കിയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് – പുതുച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ‘ശക്തി കൂടിയ ന്യൂനമർദ്ദം’ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബികടലിൽ ന്യുന മർദ്ദം / ചക്രവാതചുഴിയായി നവംബർ 13 ന് പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇതിന്റെ ഫലമായി കേരളത്തിൽ നവംബർ 12 , 13 തീയതികളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.