റിയാദ്: പുതുപള്ളി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മൻ ഇന്ന് രാത്രി റിയാദിലെത്തും. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണത്തിൽ പങ്കെടുക്കുവാനാണ് അദ്ദേഹം റിയാദിൽ എത്തുന്നത്. പരിപാടിയുടെ ഭാഗമായി നാളെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന “കുഞ്ഞൂഞ്ഞോർമ്മയിൽ” അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അദ്ദേഹം സംസാരിക്കും. ചടങ്ങിൽ റിയാദിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ച് സംസാരിക്കും.
പരിപാടിയുടെ ഭാഗമായി വൈകിട്ട് 05 മണി മുതൽ പൊതുജനങ്ങൾക്കായി കാരിക്കേച്ചർ മത്സരം നടക്കും. അതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിലെ ഏറ്റവും മികവ് തെളീയിച്ച ജനപ്രതിനിധിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ റിയാദ് ഒഐസിസി ഏർപ്പെടുത്തിയ “ഉമ്മൻ ചാണ്ടി സ്മൃതി പുരസ്ക്കാര” ജേതാവിനെ ചാണ്ടി ഉമ്മൻ ചടങ്ങിൽ പ്രഖ്യാപിക്കും. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറീയിച്ചു.