ന്യൂഡല്‍ഹി: പരീക്ഷയിലെ കോപ്പിയടി സമൂഹത്തെ നശിപ്പിക്കുന്ന പ്ലേഗ് ആണെന്ന് ഡല്‍ഹി ഹൈക്കോടതി. വിദ്യാഭ്യാസ സംവിധാനത്തെ താറുമാറാക്കുന്ന ഇത്തരം പ്രവണയെ ഉരുക്കു മുഷ്ടി കൊണ്ടു നേരിടണമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത ഏതു രാജ്യത്തിന്റെയും പുരോഗതിക്കു പ്രധാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാജമായ മാര്‍ഗത്തിലൂടെ വിദ്യാഭ്യാസം നേടുന്നവര്‍ക്കു രാഷ്ട്ര നിര്‍മാണം സാധ്യമാവില്ലെന്ന് കോടതി പറഞ്ഞു.
കോപ്പിയടിച്ച പരീക്ഷ റദ്ദാക്കിയ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ എന്‍ജിനിയറിങ് വിദ്യാര്‍ഥി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കോപ്പിയടി പ്ലേഗ് പോലെയാണ്. അത് പടര്‍ന്നുപിടിച്ച് സമൂഹത്തെ നശിപ്പിക്കും. വിദ്യാഭ്യാസ സംവിധാനത്തെ അതു താറുമാറാക്കും. അതിനോടു കരുണ കാണിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവും- കോടതി പറഞ്ഞു.
കഷ്ടപ്പെട്ടു പഠിച്ചു വരുന്ന കുട്ടികളെ പിന്നിലാക്കാന്‍ വ്യാജമായ രീതിയില്‍ അനുവര്‍ത്തിക്കുന്നവരെ ഉരുക്കു മുഷ്ടി കൊണ്ടു നേടിരണം. ജീവിതത്തില്‍ വീണ്ടും അതു ചെയ്യാത്ത വിധത്തില്‍ പാഠം പഠിപ്പിക്കണമെന്ന് കോടതി പറഞ്ഞു.