ചെന്നൈ: അപ്പോളോ ആശുപത്രിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകൾ പൂർത്തിയായി. അണുബാധയുണ്ടോ എന്ന പരിശോധനയാണ് നടന്നത്. ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേമം അന്വേഷിച്ചെത്തുന്നവരോട് കോടിയേരി നേരിട്ട് സംസാരിക്കുന്നുണ്ടെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.
ഭാര്യ വിനോദിനി, മകൻ ബിനീഷ് കോടിയേരി എന്നിവർ കോടിയേരിക്ക് ഒപ്പം ആശുപത്രിയിലുണ്ട്. കഴിഞ്ഞദിവസം സംസ്ഥാന മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രിയിലുള്ള കെ കൃഷ്ണൻകുട്ടിയെയും മന്ത്രിമാർ സന്ദർശിച്ചു.
തിങ്കളാഴ്ച രാവിലെയാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സിലായിരുന്നു യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തുടങ്ങിയ നേതാക്കള്‍ ചിന്ത ഫ്ളാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം കോടിയേരി ബാലകൃഷ്ണന് സി പി എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് എം വി ഗോവിന്ദനെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ട് പോയത്.