ചേർത്തല: സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാർ പരിശോധന.ബുധനാഴ്ച രാവിലെ മുതലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. ഇതുവരെ പുരയിടത്തിലെ മൂന്നിടത്തുനിന്ന് റഡാറില്‍ സിഗ്നലുകള്‍ കിട്ടി. ഈ മൂന്നിടങ്ങളിലും കുഴിയെടുക്കുകയാണെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. ബിന്ദു പദ്മനാഭൻ തിരോധാനക്കേസില്‍ അന്വേഷണം നടത്തുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്.
ബുധനാഴ്ച രാവിലെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിനുള്ളില്‍ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്ക് മുൻപായി വീട്ടുവളപ്പിലെ പുല്ലുകളെല്ലാം വെട്ടിമാറ്റിയിരുന്നു. വീട്ടുവളപ്പില്‍ എവിടെയെങ്കിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടോ എന്നറിയാനായാണ് റഡാർ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിച്ച് അന്വേഷണസംഘം പരിശോധന നടത്തുന്നത്.
അതേസമയം, കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ സെബാസ്റ്റ്യൻ ഇതുവരെയും ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. അതിനാല്‍ ഇയാളെ ശാസ്ത്രീയമാർഗങ്ങളിലൂടെ ചോദ്യംചെയ്യുന്നതിനുള്ള നടപടികള്‍ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യ സുബിയെ നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ച് ചോദ്യംചെയ്തുവരികയാണ്.
ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് സെബാസ്റ്റ്യൻ നേരത്തേ അറസ്റ്റിലായിരുന്നത്. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെതിരേ പരാതി ഉയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഏറ്റൂമാനൂരിലെ ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ വീണ്ടും കസ്റ്റഡിയിലായത്. ഇതില്‍ സെബാസ്റ്റ്യനെതിരേ കൊലപാതകത്തിന് കേസെടുക്കുകയും തുടരന്വേഷണത്തില്‍ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് കാണാതായ സ്ത്രീകളില്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. അതിനാലാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതിന്റെ ഫലം വ്യാഴാഴ്ചയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫലം വന്നാലേ മുന്നോട്ടുപോകാനാവൂവെന്ന അവസ്ഥയിലാണ് അന്വേഷണസംഘം. ഹയറുമ്മ(ഐഷ)യെ കാണാതായ കേസന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച്, സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.