ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റുചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍.ഇരുവർക്കുമെതിരായ എഫ്‌ഐആർ പുറത്തുവന്നു. പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെ കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്നു വൈകിട്ട് അഞ്ചരയോടെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറോ മലബാർ സഭയുടെ കീഴില്‍ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്ന്യാസ സഭയാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ്. സിസ്റ്റർ പ്രീതിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്‌ഐആർ. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകള്‍ ഉദ്ദേശിച്ചതെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നുണ്ട്.
കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവർത്തകർ തടയുകയായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. തിരിച്ചറിയല്‍ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇവർ ഒരു തരത്തിലുമുള്ള മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കുന്നു.
അതിനിടെ, ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരളത്തിലെ സഭാനേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സഭാ മേലധ്യക്ഷൻമാർക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെ എന്നാകും നിലപാടെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്. തിരുമേനിമാർക്ക് മോദിയോട് പരാതിപ്പെടാൻ ധൈര്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളായ വന്ദന, പ്രീതി എന്നിവരെ കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഢില്‍ അറസ്റ്റുചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സഭാനേതൃത്വത്തെ വിമർശിച്ച് വി ശിവൻകുട്ടി രംഗത്തെത്തിയത്.
“ബി.ജെ.പി.യുടെ മനസിലിരുപ്പ് തിരുമേനിമാർക്ക് ബോധ്യപ്പെടണ്ടേ? തിരുമേനിമാർക്ക് മോദിയോട് പരാതിപ്പെടാൻ ധൈര്യമില്ലേ? തിരുമേനിമാർ ആരും പ്രതിഷേധിച്ചുപോലും കണ്ടില്ല. “പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെ എന്നാകും നിലപാട്. സഭാ മേലധ്യക്ഷൻമാർക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും ശിവൻകുട്ടി വിമർശിച്ചു.
ഛത്തീസ്ഗഡില്‍ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയണ്. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സിബിസിഐ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. വിഷയം ഉയർത്തികാട്ടി ബിജെപിക്കും ആർഎസ്‌എസിനും എതിരായുള്ള നീക്കം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
കന്യാസ്ത്രീകള്‍ക്ക് പൂർണ പിന്തുണയുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റംഗ്ദള്‍ ആകാമെന്നും, രാജ്യവിരുദ്ധരായ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് തുറന്നടിച്ചു. സഭാ വൈദികർക്കും കന്യാസ്ത്രീകള്‍ക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങള്‍ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉടനടി ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാൻ പെണ്‍കുട്ടികളെ നിർബന്ധിച്ചെന്നും, കന്യാസ്ത്രീകള്‍ക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം വ്യാജമാണെന്നും സിബിസിഐ വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിത്യസംഭവവുമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഛത്തീസ്ഗഡ് പിസിസി അദ്ധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി എംപിയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവർത്തകർ പരാതി നല്‍കിയത്. ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.