ചെല്ലാനത്ത് 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കിഫ്ബി വഴി 344 കോടി രൂപയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് നടക്കുന്നത്. ചെല്ലാനം പഞ്ചായത്തിലെ 10 കിലോമീറ്റര്‍ ദൂരം വരുന്ന കടല്‍ഭിത്തിയുടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുനരുദ്ധാരണവും ബസാറിലും കണ്ണമാലിയിലും പുലിമുട്ടുശൃംഖലകളുടെ നിര്‍മ്മാണവുമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

രണ്ടു ഘട്ടമായാണ് ഈ പ്രവൃത്തികൾ. ആദ്യഘട്ടത്തില്‍ 256 കോടി രൂപ അടങ്കല്‍ വരുന്ന 7.35 കിലോമീറ്റര്‍ ദൂരം കടല്‍ഭിത്തിയുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. കടലാക്രമണം രൂക്ഷമായ കമ്പനിപ്പടി, ബസാര്‍, ചാളക്കടവ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. 20 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായി.

16 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്തുനിന്ന് ആരംഭിച്ച് വടക്ക് പുത്തന്‍തോടു ബീച്ച് വരെയാണ്. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി ചെല്ലാനം ബസാറില്‍ ആറു പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 2.65 കിലോ മീറ്റര്‍ നീളം കടല്‍ഭിത്തിയുടെ നിര്‍മ്മാണവും കണ്ണമാലിയില്‍ 9 പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കും

ഇതുവരെ മുപ്പതിനായിരത്തില്‍ അധികം ടെട്രാപോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. സമുദ്ര നിരപ്പില്‍ നിന്നും 6.10 മീറ്റര്‍ ഉയരത്തിലാണ് കടല്‍ ഭിത്തിയുടെ നിര്‍മ്മാണം. ഇതിനു മുകളിലായി 3 മീറ്റര്‍ വീതിയില്‍ ഒരു നടപ്പാതയും ലക്ഷ്യമിടുന്നു. ഇത് ചെല്ലാനത്തിന്റെ ടൂറിസം സാധ്യത വർധിപ്പിക്കും.

ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം.പി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ജെ മാക്സി എം.എല്‍.എ, ജലസേചനവും ഭരണവും വകുപ്പ് ചീഫ് എഞ്ചിനീയര്‍ അലക്സ് വര്‍ഗീസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ ജോസഫ്, മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ്, സി.എൻ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

spot_img

Related Articles

Latest news