തിരുവനന്തപുരം: മിഠായിത്തെരുവിൽ ബലമായി കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കച്ചവടക്കാരുടെ വികാരം മനസിലാക്കുന്നു. മറ്റൊരു രീതിയിൽ കളിച്ചാൽ നേരിടേണ്ടുന്ന രീതിയിൽ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാഹചര്യമാണ് നിയന്ത്രണങ്ങൾക്ക് ഇടയാക്കിയത്. കച്ചവടക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷത്തിലല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എവിടെയൊക്കെ ഇളവ് അനുവദിക്കാമോ അവിടെയൊക്കെ ഇളവ് അനുവദിക്കുന്നുണ്ട്. ആളുകളുടെ ജീവനാണ് പ്രധാനം. അപകടം ഒഴിവാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്. ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.