മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ചെന്ന് ഇഡി; നടപടി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെയും ക്രൈം നന്ദകുമാറിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരുന്നെന്ന് ഇഡിയുടെ സ്ഥിരീകരണം.വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചുവെന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിവേക് കിരണിന് 2023 ല്‍ സമൻസ് അയച്ചിരുന്നുവെന്ന് ഇഡി വ്യക്തമാക്കുന്നത്. എസ്‌എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഓഫീസില്‍ നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാല്‍, വിവേക് കിരണ്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് മാത്രമല്ല, ഇതുസംബന്ധിച്ച്‌ തുടർനടപടികളും ഉണ്ടായില്ല.

ഇഡിയുടെ വെബ്സൈറ്റില്‍ ഇപ്പോഴും വിവേകിന്റെ പേരിലുള്ള സമൻസിന്റെ രേകകളുണ്ട്. രണ്ടരവർഷത്തിനിടെ ഇതുസംബന്ധിച്ച്‌ എന്തു നടപടിയുണ്ടായെന്നതിന് ഇഡി വിശദീകരണം നല്‍കിയിട്ടില്ല. ലാവ്‍ലിൻ കേസുമായി വിവേക് കിരണിനുള്ള ബന്ധവും അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല.

എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) നമ്ബർ കെസിസെഡ്‌ഒ-02-2020 പ്രകാരം റജിസ്റ്റർ ചെയ്ത ലാവ്‌ലിൻ കേസിലാണ് വിവേക് 2023 ഫെബ്രുവരി 14നു ഹാജരാകണമെന്ന് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു സമൻസ് അയച്ചത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിലെ ചോദ്യംചെയ്യലിനിടയില്‍ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയുടെയും ക്രൈം മാസിക എഡിറ്റർ ടി.പി. നന്ദകുമാർ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു സമൻസ് എന്നാണ് ഇ.ഡി വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു സ്വർണക്കടത്ത്, ഡോളർകടത്ത്, ലൈഫ് മിഷൻ, ലാവ്‍ലിൻ കേസുകളില്‍ പങ്കുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വിവിധ കേസുകളുമായി ബന്ധപ്പെട്ടുള്ള രഹസ്യമൊഴികളില്‍ സ്വപ്ന ആരോപിച്ചിരുന്നു.1996ല്‍ സംസ്ഥാന സർക്കാരിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ എസ്‌എൻസി ലാവ്‌ലിൻ കരാർ സംബന്ധിച്ച നിർണായക രേഖകള്‍ ശിവശങ്കർ 2013 ല്‍ കെഎസ്‌ഇബി ചെയർമാനായ ഘട്ടത്തില്‍ നശിപ്പിച്ചതായി അറിയാമെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.

ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് 2006 ല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനു (ഡിആർഐ) ക്രൈം മാസിക എഡിറ്റർ ടി.പി.നന്ദകുമാർ നല്‍കിയ പരാതിയില്‍ സമാന ആരോപണങ്ങളുണ്ടായിരുന്നെങ്കിലും കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാർ കേന്ദ്ര ആഭ്യന്തര, ധന മന്ത്രാലയങ്ങള്‍ക്കു വീണ്ടും കത്തയച്ചു. നന്ദകുമാറിന്റെ ആരോപണങ്ങള്‍ സ്വപ്ന സുരേഷും ആവർത്തിച്ചതോടെ ലാവ്‌ലിൻ കേസില്‍ ഇ.ഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് റജിസ്റ്റർ ചെയ്ത് നന്ദകുമാറിന്റെ മൊഴിയെടുത്തു.

ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണു ലൈഫ് മിഷൻ കേസില്‍ ശിവശങ്കറിനെ ഇ.ഡി കൊച്ചി ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത്. വിവേക് കിരണിനോടും ഇതേ ഓഫിസില്‍ ഹാജരാകാൻ നിർദേശം നല്‍കി. അന്നു രാത്രി ശിവശങ്കർ അറസ്റ്റിലാകുകയും ചെയ്തു. പ്രതിയാക്കണോ സാക്ഷിയാക്കണോയെന്ന് ചോദ്യംചെയ്യലിനൊടുവില്‍ തീരുമാനിക്കുന്നതാണ് ഇ.ഡിയുടെ രീതി. സാന്നിധ്യം അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമായി രേഖപ്പെടുത്തിയ സമൻസിലാണു വിവേക് ഹാജരാകാതിരുന്നത്.

ലാവ്‍ലിൻ കേസില്‍ എട്ടാം പ്രതിയായിരുന്ന പിണറായി വിജയൻ അടക്കം 3 പേരെ 2013ല്‍ തിരുവനന്തപുരം സിബിഐ കോടതി വിചാരണയ്ക്കു മുൻപു തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. 2017 ഓഗസ്റ്റില്‍ കേരള ഹൈക്കോടതിയും ഇതു ശരിവച്ചു. ഇതിനെതിരായ സിബിഐ അപ്പീല്‍ ദീർഘകാലമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, മകന് ഇ ഡി സമൻസ് അയച്ചിട്ടില്ല എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതം പൂർണമായും സുതാര്യമാണെന്നും, മകന് സമൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇ.ഡി. ആർക്കാണ് സമൻസ് അയച്ചത്? ആരുടെ കൈയിലാണ് സമൻസ് കൈമാറിയത്? ക്ലിഫ് ഹൗസില്‍ ഒരു സമൻസും വന്നിട്ടില്ല. മകനായ വിവേക് തന്നോട് ഇത്തരമൊരു കാര്യം സൂചിപ്പിച്ചിട്ടുമില്ല,” മുഖ്യമന്ത്രി പറഞ്ഞു.

തന്റെ രണ്ട് മക്കളോടും അഭിമാനം മാത്രമേ ഉള്ളൂ. മകൻ വിവേക് കിരണ്‍ തന്റെ ജോലിയും വീടുമായി മാത്രം ഒതുങ്ങിക്കൂടുന്ന വ്യക്തിയാണ്. ക്ലിഫ് ഹൗസിലെ മുറികളുടെ എണ്ണം പോലും അവന് അറിയില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രണ്ട് മക്കളെക്കുറിച്ച്‌ അഭിമാനത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.

spot_img

Related Articles

Latest news