കര്‍ഷക സമരവും തമിഴ്‌നാട്ടിലെ കോവിഡ് വ്യാപനവും കോഴിത്തീറ്റയുടെ വിലവര്‍ദ്ധനവും കേരളത്തിലെ ചിക്കന്‍ വിപണിയെ ബാധിക്കുന്നു. ഒരു കിലോ ഇറച്ചിക്കോഴിക്ക് സംസ്ഥാനത്തു വില ഏകദേശം 150 മുതല്‍ 160 രൂപ വരെയായി ഉയര്‍ന്നു. തിങ്കളാഴ്ച എറണാകുളത്തും തിരുവനന്തപുരത്തും 150 രൂപയും കോഴിക്കോട്ട് 160 രൂപയുമായിരുന്നു വില. കുടുംബശ്രീയുടെ സഹകരണത്തോടെ ഉല്‍പാദിപ്പിക്കുന്ന കേരള ചിക്കന് തിങ്കളാഴ്ച 129 രൂപയായിരുന്നു.
തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്നു കോഴിക്കുഞ്ഞുങ്ങളുടെ വരവു കുറഞ്ഞതും ഉല്‍പാദനച്ചെലവു കൂടിയതുമാണു വില കൂടാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. അതെ സമയം കോഴിത്തീറ്റയുടെ വില ഒരു കിലോയ്ക്ക് 42 വരെ ഉയര്‍ന്നിരിക്കുകയാണ്. ഇതു കര്‍ഷകന്‍ തിരിച്ചടിയാവുകയാണ്. കോവിഡും ലോക്ഡൗണും കാരണം തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനം വേണ്ടത്ര നടന്നില്ല. ഇതോടെ കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങള്‍ എത്താതായതാണു കോഴി വില ഉയരാന്‍ പ്രധാന കാരണം. ഈ പ്രതിസന്ധി മറികടക്കാന്‍ ഒന്നര മാസത്തോളമെടുക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നാല്‍, അല്‍പം ക്ഷാമം മുതലെടുത്ത് വില കുത്തനെ ഉയര്‍ത്തുകയാണെന്ന പരാതി ചെറുകിട വ്യാപാരികള്‍ക്കുണ്ട്. വില പരിധി വിട്ടുപോകുന്നതിനാല്‍ സാധാരണക്കാര്‍ വാങ്ങാന്‍ മടിക്കുന്നു. രണ്ടുമാസം മുന്‍പു വരെ 1000 രൂപയ്ക്കുമുകളില്‍ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ 2200 രൂപയായെന്നും ഒരു കോഴിക്ക് 8085 രൂപ മുതല്‍മുടക്കു വന്നിരുന്ന മേഖലയില്‍ ഇപ്പോള്‍ 110 രൂപയാണ് ഉല്‍പാദനച്ചെലവെന്നും മൊത്തവ്യാപാരികള്‍ പറയുന്നു.
Mediawings: