തലശ്ശേരിയിൽ പതിനാറുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ച വ്യവസായിയെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുയ്യാലിയിലെ ഷറാറ ബംഗ്ലാവിൽ ഷറഫുദ്ദീനെ ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ചാണ് പോക്സോ കേസ് പ്രതി ആശുപത്രിവാസം തരപ്പെടുത്തിയതെന്ന ആക്ഷേപമുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇയാളെ ധർമടം പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ കരീമിൻ്റെ നേതൃത്വത്തിലായിരുന്നു നടപടി. സംഘത്തിൽ ഉണ്ടായ ഒരാൾ മാത്രം യൂണിഫോമിലും മറ്റുള്ളവർ മഫ്ടിയിലുമാണ് എത്തിയത്.
പോലീസിൻറെ നടപടികൾക്ക് വഴങ്ങാതെ ഷറഫുദ്ദീൻ ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ഗേറ്റിൽ വച്ച് വാക്കേറ്റം നടത്തുകയും ചെയ്തു. പോലീസ് നടപടി കർശനമാക്കിയതോടെ ആണ് ഇയാൾ അനുസരിച്ചത്.
പോലീസ് വാഹനം ഉണ്ടായിട്ടും വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് ആഡംബര കാറിൽ ആണെന്ന മറ്റൊരു വിവാദവും ഉയരുന്നുണ്ട്. ഇരയായ പെൺകുട്ടിയെ കൊണ്ട് ആളെ ഉറപ്പിച്ച ശേഷമാണ് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച് ഇവിടെ മണിക്കൂറുകളോളം നിരീക്ഷണത്തിൽ പാർപ്പിച്ചു. ഓൺലൈനിലാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞതിനാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.