കൊല്‍ക്കത്ത: ആവശ്യമുള്ളപ്പോള്‍ സഹായിക്കുന്നവരാണ് സുഹൃത്തുക്കള്‍. പശ്ചിമബംഗാളിലെ ഒന്‍പതാം ക്ലാസുകാരിക്ക് ശനിയാഴ്ച അത് ബോധ്യമായി.
പെണ്‍കുട്ടിയുടെ ഇഷ്ടമില്ലാതെ വീട്ടുകാര്‍ നടത്താന്‍ തീരുമാനിച്ചുറച്ച വിവാഹം സഹപാഠികള്‍ തടഞ്ഞു.
ബംഗാളിലെ ഗോലാറിലെ സുശീല ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് തങ്ങളുടെ സഹപാഠി ഒരാഴ്ചയായി ക്ലാസില്‍ വരുന്നില്ലെന്ന കാര്യം ശ്രദ്ധിച്ചത്. ഇതേതുടര്‍ന്ന് വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന് അവര്‍ മനസിലാക്കി. തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ഥികള്‍ സഹപാഠിയെ സ്കൂളിലേക്ക് അയക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. പ്രശ്നം മനസിലാക്കിയ വീട്ടുകാര്‍ പിന്‍വാതിലിലൂടെ കുട്ടിയെ വരന്റെ വീട്ടിലെത്തിച്ചു.
ഇതറിഞ്ഞ സഹപാഠികള്‍ വരന്റെ വീട്ടിലെത്തി, സഹപാഠിയെ വിട്ടയച്ചില്ലെങ്കില്‍ അനശ്ചിതകാലസമരം നടത്തുമെന്ന് അറിയിച്ചു. പ്രശ്നമാകുമെന്നറിഞ്ഞതോടെ വരനും വീട്ടുകാരും പെണ്‍കുട്ടിയെ സഹപാഠികള്‍ക്കൊപ്പം വിട്ടു. അവര്‍ അവളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടികളുടെ നടപടിയെ പ്രശംസിച്ച പ്രധാന അധ്യാപകന്, അവരുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് ഈ വിവാഹം തടയാന്‍ കഴിഞ്ഞതെന്നും പറഞ്ഞു. പതിനെട്ടുവയസിന് മുന്‍പ് മകളെ വിവാഹം കഴിച്ച് നല്‍കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയതായി കേശ്പൂര്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ പറഞ്ഞു
സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് നേരത്തെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ പറഞ്ഞു.