റിയാദ്: ഗാന്ധിജിയുടെ 78-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചില്ല ജനുവരി വായനയിൽ, ഗാന്ധിജിയുടെ ജീവിതവും ദർശനവും മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിർത്തേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങൾ തുറന്നുകാട്ടുന്നതിൽ പിഎൻ. ഗോപീകൃഷ്ണന്റെയും സുനിൽ പി. ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലും ഉയർന്നു. സംഘപരിവാർ നടപ്പിലാക്കുന്ന വിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
വായനയുടെ ഭാഗമായി മുഹമ്മദ് അലി ശിഹാബ് ഐഎഎസ്. രചിച്ച ‘വിരലറ്റം – ഒരു യുവ ഐഎഎസ് കാരന്റെ ജീവിതം’ എന്ന ഓർമ്മക്കുറിപ്പുകൾ ബിനീഷ് പാലിശ്ശേരി സദസിന് പരിചയപ്പെടുത്തി. പതിനൊന്നാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട് അനാഥാലയത്തിലെത്തിയ മുഹമ്മദ് അലി ശിഹാബ്, ഇരുപത്തിയൊന്നാം വയസുവരെ അവിടെ തുടരുകയും തുടർന്ന് കല്ലുവെട്ടുകാരൻ, പ്യൂൺ, ഗുമസ്തൻ, അധ്യാപകൻ തുടങ്ങിയ വിവിധ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്ത അനുഭവങ്ങളാണ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ ആശയോടും ദൃഢമായ ഇച്ഛാശക്തിയോടും അതിജീവിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതിയെന്ന് ബിനീഷ് പറഞ്ഞു.
സാഹിത്യത്തിലും സിനിമയിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ജി. ആർ. ഇന്ദുഗോപന്റെ കഥകളെ ആസ്പദമാക്കി റഫീഖ് പന്നിയങ്കര സംസാരിച്ചു. സമകാലിക കഥാകൃത്തുകൾക്ക് പലപ്പോഴും അപരിചിതമായ വിചിത്രവും പുതുമയുള്ളതുമായ വഴികളിലൂടെയാണ് ഇന്ദുഗോപന്റെ കഥകൾ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പാശം’, ‘ബീജ ബാങ്കിലെ പെൺകുട്ടി’, ‘ഗൈനക്’, ‘ഉള്ളികുപ്പം’, ‘ചട്ടമ്പി സദ്യ’, ‘ഉറങ്ങാതിരിക്കുക കള്ളനെ പിടിക്കാം’ തുടങ്ങിയ കഥകൾ ഉദാഹരണങ്ങളാക്കി ഇന്ദുഗോപന്റെ കഥാലോകത്തെ അദ്ദേഹം വിശദീകരിച്ചു.
പ്രസിദ്ധ കവി പിഎൻ. ഗോപീകൃഷ്ണന്റെ 32 കവിതകളടങ്ങിയ ‘തകർന്ന പള്ളിയാണ് വലിയ പള്ളി’ എന്ന സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം ശരി കാട്ടൂർ അവതരിപ്പിച്ചു. എവിടെ നിന്നാരംഭിച്ചാലും ഗാന്ധിയിലെത്താൻ ആഗ്രഹിക്കുന്ന കവിതകളും, തകർത്ത പള്ളിയിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്ന രാമൻ ഗാന്ധിയുടെ രാമനല്ല എന്ന ശക്തമായ സന്ദേശവും ഉൾക്കൊള്ളുന്ന കവിതകൾ വർത്തമാനകാല ഇന്ത്യയുടെ ആകുലതകൾ യഥാതഥമായി അടയാളപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകാവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ വിപിൻ കുമാർ, നജീം കൊച്ചുകലുങ്ക്, സ്നിഗ്ദ , അനിത്ര ജോമി, വിദ്യ, നിഷാദ്, നാസർ കാരന്തൂർ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ച് നാസർ കാരക്കുന്ന് സംസാരിച്ചു. സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്ററായിരുന്നു.

