ബെയ്ജിങ്: ബഹിരാകാശ നിലയമെന്നാല്‍ നാസ നേതൃത്വം നല്‍കുന്ന രാജ്യാന്തര ബഹിരാകാശ നിലയമെന്ന സങ്കല്‍പം തിരുത്തി ചൈനയുടെ ടിയാങ്ഗോങ് പൂര്‍ണ സജ്ജമാകുന്നു.
ബഹിരാകാശ നിലയം ഉള്‍ക്കൊള്ളുന്ന അവസാനത്തെയും മൂന്നാമത്തെയും മൊഡ്യൂള്‍ വിക്ഷേപിച്ചതോടെയാണ് ബഹിരാകാശ ദൗത്യത്തില്‍ ചൈന ചരിത്രപ്പിറവിയിലേക്ക് ഒരു ചുവടുകൂടി അടുത്തത്.
നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനു ശേഷം ഭൂമിയുടെ ഭ്രമണപഥത്തിനു താഴെ സ്ഥിരമായി ജനവാസമുള്ള രണ്ടാമത്തെ നിലയമാകും ഇത്. പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ 10 വര്‍ഷത്തിനിടെ 1000ലേറെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഇവിടെ നടത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. മറ്റു രാജ്യങ്ങള്‍ക്കും നിലയത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാകുമെന്നും ചൈന വാഗ്ദാനം ചെയ്യുന്നു.
ചൈനയുടെ തെക്കന്‍ ദ്വീപ് പ്രവിശ്യയായ ഹെനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് മൊഡ്യൂള്‍ വിക്ഷേപിച്ചത്. ലോംഗ് മാര്‍ച്ച് 5B റോക്കറ്റിലാണ് മെങ്‌ഷ്യാന്‍ (‘സ്വര്‍ഗത്തെ സ്വപ്നം കാണുന്നു’-എന്നര്‍ഥം) മൊഡ്യൂള്‍ കുതിച്ചത്.