ഇന്ത്യയുടെ ഭരണഘടന തകർത്ത്‌ മതരാഷ്ട്രം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: ചിന്ത റിയാദ്

റിയാദ്: ജനാധിപത്യ സംവിധാനങ്ങളെയെല്ലാം തങ്ങളുടെ വരുതിയിലാക്കി മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഇന്ത്യയിൽ മോഡി ഭരണകൂടം നടത്തുകയാണെന്ന് “റിയാദ് ചിന്ത” സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. ഭരണഘടനയെ വെറും നോക്കുകുത്തിയാക്കിയാണ് നിലവിൽ ഭരണം നിർവ്വഹിക്കുന്നതെങ്കിൽ ഭാവിയിൽ ഈ ഭരണഘടന തന്നെ മാറ്റിയെഴുതാനും ഇന്ത്യയെ ഒരു ഹിന്ദു (ഹിന്ദുത്വ) രാഷ്ട്രമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. പുതിയ പാർലമെന്റിൽ മതചിഹ്നമായ ചെങ്കോൽ പ്രതിഷ്ഠിക്കുന്നു, ലോക്സഭാ അംഗങ്ങൾക്ക് നൽകിയ ഭരണഘടനയുടെ പുതിയ പതിപ്പിൽ “സോഷ്യലിസം-മതേതരത്വം” എന്നീ മൂല്യവത്തായ പദങ്ങൾ ആമുഖത്തിൽ നിന്നും ഒഴിവാക്കുന്നു, എല്ലാവരേയും ഉൾക്കൊള്ളേണ്ട മന്ത്രിസഭയിൽ ന്യുനപക്ഷ പ്രതിനിധ്യം പൂർണ്ണമായും ഇല്ലാതാവുന്നു. മുസ്ലിം ക്രിസ്തീയ ആരാധനാലയങ്ങളും വീടുകളും നിരന്തരം തകർക്കപ്പെടുകയും ജയ് ശ്രീറാം വിളിക്കാൻ വേണ്ടി ദളിതരടക്കം രാജ്യവ്യാപകമായി വേട്ടയാടപ്പെടുകയും ചെയ്യുന്നു. സർക്കാർ ഒത്താശയോടെ വർഗീയ ലഹളകൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പടരുന്നു. ഭരണഘടന വിഭാവനം ചെയ്ത ഫെഡലിസം തകർത്ത്‌ സംസ്ഥാനങ്ങളുടെ അധികാരങ്ങളും സമ്പത്തും കേന്ദ്രം കവർന്നെടുക്കുന്നു. ചരിത്ര പുസ്തകങ്ങളിൽ നിന്നും ഗാന്ധിയും നെഹ്രുവും ആസാദും പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ പുറത്താക്കപ്പെടുകയും വ്യാജ ചരിത്രങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാവുകയും ചെയ്യുന്നു. ശാസ്ത്ര പഠനങ്ങളുടെ സ്ഥാനത്ത് കെട്ടുകഥകൾ പ്രചരിപ്പിക്കുന്നു. ഇന്ത്യൻ പാർലമെന്റ് സന്യാസിമാരും രാമക്ഷേത്രം പ്രധാനമന്ത്രിയും ഉദ്‌ഘാടനം ചെയ്യുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് കരുതുന്ന ജുഡീഷ്വറിയും തെരഞ്ഞെടുപ്പ് കമ്മീഷൻപോലും ആർ എസ് എസ് നിയന്ത്രണത്തിലായിരിക്കുന്നു. രാജ്യത്തിന്റെ പേര് മാറ്റുന്നു, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ റിപ്പബ്ലിക്കായും ജനാധിപത്യ രാജ്യമായും നിലനിർത്തിയിരുന്ന ഭരണഘടന തന്നെ ഇല്ലാതാവുന്ന ഭീതിജനകമായ നാളുകൾ വിദൂരമല്ലെന്ന് സെമിനാറിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. വിനോദ് കൃഷ്ണ മോഡറേറ്ററായിരുന്നു, സെമിനാർ കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. ഫൈസൽ ഗുരുവായൂർ, ഷൈജു ചെമ്പൂര്, ഹരികൃഷ്ണൻ, രവീന്ദ്രൻ പയ്യന്നൂർ, ഇല്യാസ് (ആവാസ്), അബ്ദുൽ ലത്തീഫ് (ഐ സി എഫ്), ഇസ്മായിൽ കണ്ണൂർ (മീഡിയ) എന്നിവർ സംസാരിച്ചു. ഷൈജു ചെമ്പൂര് സ്വാഗതവും പൂക്കോയ തങ്ങൾ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news