മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്; പുനരധിവാസം കാത്ത് ഒരു നാട്

 

വയനാട്: കേരളത്തിന്റെ തീരാനോവായി മാറിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്ന് ഒരു വയസ്. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.ഒരു മണിയോട് കൂടി വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു. ദുരന്തത്തില്‍ 298 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
ഒരു വർഷം പിന്നിടുമ്പോള്‍ ദുരിത ബാധിതർ അതിജീവനത്തിന്റെ പാതയിലാണ്. സർക്കാർ പറഞ്ഞ പല വാഗ്ദാനങ്ങളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങള്‍ ഒരു സ്വപ്നമായി മാറുകയാണ്.

മലവെള്ളപ്പാച്ചിലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങള്‍ ഒലിച്ചുപോയി. 400ഓളം കുടുംബങ്ങളാണ് ദുരന്തത്തില്‍ ഒറ്റപ്പെട്ടത്. രാവിലെ 4.10ന് ചുരല്‍മലയില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകർന്നു. വെള്ളാർമല ജിവിഎച്ച്‌എസ്‌എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഗതാഗതസംവിധാനങ്ങളെല്ലാം തകർന്നതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായി. മലവെള്ളപ്പാച്ചിലില്‍ ചാലിയാർ പുഴയിലെത്തിയ മൃതദേഹങ്ങള്‍ കിലോമീറ്ററുകളോളം ഒഴുകിനടന്നു. ഉച്ചയ്ക്ക് 12:00മണിയോടെ ഇന്ത്യൻ സൈന്യമെത്തി. ഇന്ത്യൻ സൈന്യം 24 മണിക്കൂർ കൊണ്ട് ചൂരല്‍മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിച്ചുകൊണ്ട് ബെയ്ലി പാലം നിർമ്മിച്ചു. സൈന്യത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും പൊലിസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം യുവജന, സന്നദ്ധസംഘടനകളും ചേർന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമായി. 400ഓളം കുടുംബങ്ങളാണ് ദുരന്തത്തില്‍ ഒറ്റപ്പെട്ടത്.

ജനസംഖ്യ ഏറ്റവും കുറവുള്ള 10-ാം വാർഡ് മുണ്ടക്കൈയിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്തത്. 145 പേർ. ചൂരല്‍മലയിലെ 137 പേരെ മലവെള്ളപ്പാച്ചില്‍ എടുത്തു. 16 പേരാണ് അട്ടമലയില്‍ മരണത്തിന് കീഴടങ്ങിയത്. 1424 പേർ ഇവിടെ ദുരന്തത്തെ അതിജീവിച്ചു. 1102 പേർ മുണ്ടക്കൈയിലും 2025 പേർ ചൂരല്‍മലയും അവശേഷിക്കുന്നു. കണക്കുകള്‍ പ്രകാരം, 1,555-ലധികം വീടുകള്‍, സ്‌കൂളുകള്‍, ഒരു ഡിസ്‌പെൻസറി, പഞ്ചായത്ത് ഭവൻ, വൈദ്യുതി ബോർഡ് ഓഫിസ്, 136 കമ്മ്യൂണിറ്റി കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടയുള്ള കെട്ടിടങ്ങള്‍ തകർന്നു. കൂടാതെ, 290 കടകള്‍, 124 കിലോമീറ്റർ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍, രണ്ട് ട്രാൻസ്‌ഫോർമറുകള്‍, 1.5 കിലോമീറ്റർ നീളത്തില്‍ ഗ്രാമീണ റോഡുകള്‍, മൂന്ന് പാലങ്ങള്‍ എന്നിവയെയും മണ്ണിടിച്ചില്‍ തകർന്നിരുന്നു.

600 ഹെക്‌ടർ (1,500 ഏക്കർ) ഭൂമിയാണ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയതെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ 310 ഹെക്‌ടർ (770 ഏക്കർ) കൃഷിഭൂമിയും ഉള്‍പ്പെടുന്നു. കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും നൂറുകണക്കിന് കടകള്‍ അടച്ചുപൂട്ടി. 25 കോടിയിലധികം രൂപയുടെ നഷ്‌ടം ഉണ്ടായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്കുകള്‍.

സർക്കാർ ദുരന്തബാധിതർക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമ്മിച്ച്‌ നല്‍കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാ വീട് നിർമ്മാണം അവസാനഘട്ടത്തിലാണ്. 410 വീടുകളാണ് നിർമ്മിക്കുന്നത്. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ഡിസംബറോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നതും. എന്നാല്‍ അർഹരായ പലരും സർക്കാർ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ വളരെ വൈകി പൂർത്തിയായതിനാലാണ് നിർമാണവും വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.

spot_img

Related Articles

Latest news