തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്‌മസ് പരീക്ഷാ തീയതികളിൽ മാറ്റം വരുത്തും. ക്രിസ്‌മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷകൾ നടത്താനാണ് സാദ്ധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം ഉണ്ടാവുക.
2025 – 26 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടത്താനിരുന്നത്. എന്നാൽ, ഡിസംബർ ഒമ്പത്, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. അതിനാൽ ക്രിസ്‌മസ് അവധിക്ക് മുമ്പും ശേഷവും രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ആലോചന.വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഭൂരിപക്ഷവും സ്‌കൂളുകളാണെന്നതും അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും പരിഗണിച്ചാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഡിസംബർ അഞ്ച് കഴിഞ്ഞാൽ അവധി ദിനങ്ങളും വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞാൽ മാത്രമേ പരീക്ഷ നടത്താനാകൂ. ഡിസംബർ 13ന് തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ പിന്നെ ക്രിസ്‌മസ് അവധിക്ക് മുമ്പ് 15 മുതൽ 19 വരെ അഞ്ച് പ്രവൃത്തി ദിനങ്ങളാണുള്ളത്. 20 മുതൽ 28 വരെയാണ് ക്രിസ്‌മസ് അവധി. രണ്ടാംഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ വാരത്തിലുമായി നടത്തേണ്ടിവരും.-

