റിയാദ് : കളിയിലൂടെ കാര്യം പറഞ്ഞും, വിദ്യയെ വിനോദമാക്കിയും, അറിവും കഴിവും ആസ്വാദ്യമാക്കിയും സിജി ഇൻസ്പിരിയ സമാപിച്ചു. പുതിയ നേതൃനിരയെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സിജി റിയാദ് ചാപ്റ്റർ, അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച മുഴുദിനക്യാമ്പ് ഉള്ളടക്കത്തിന്റെ തികവിലും രീതിശാസ്ത്രത്തിന്റെ മികവിലും ശ്രദ്ധേയമായി.
ചീഫ് കോർഡിനേറ്റർ മുനീബ് കൊയിലാണ്ടി സ്വാഗതം ആശംസിച്ചു. സിജി ഇന്റർനാഷണൽ ചെയർമാൻ അബ്ദുൽ മജീദ് പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.1996 ൽ സിജി നിലവിൽ വന്നത് മുതൽ പ്രാവർത്തികമാക്കിയ വിവിധ പദ്ധതികളെ കുറിച്ച് സിജിയുടെ സ്ഥാപകൻ dr. കെ. എം. അബൂബക്കർ എഞ്ചിനീയറെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.. മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ കുതിപ്പിന് പ്രധാന പങ്കുവഹിച്ച സിജിയുടെ പദ്ധതിയായ വിജയഭേരിയെ കുറിച്ചും അഭിരുചിക്കനുസരിച്ചുള്ള ഉചിതമായ പാഠ്യപദ്ധതികൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഡിഫറൻഷ്യൽ ആപ്ടിട്യൂഡ് ടെസ്റ്റ് (DAT) നെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. സിജി റിയാദ് ചാപ്റ്റർ ചെയർമാൻ റഷീദലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക മാറ്റത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും, നമ്മുടെ ചലനശേഷി ഏതാവസ്ഥയിലായാലും അത് ചലിപ്പിക്കേണ്ടത് മുന്നോട്ട് മാത്രമായിരിക്കണമെന്നും മാർട്ടിൻ ലൂഥർക്കിങ്ങ് ജൂനിയറിനെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഉത്ബോധിപ്പിച്ചു. ജീവിതം ഉടനീളം ഒരു പഠനമാണെന്നും ലക്ഷ്യ ബോധത്തിലെത്താൻ തടസ്സമാകുന്നത് കാഴ്ചപ്പാടിൽ വ്യക്തത ഇല്ലാത്തതാണ് എന്ന് ചടങ്ങൽ അതിഥിയായി എത്തിയ നെസ്‌റ്റോ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ഫഹദ് മേയൊൺ സദസ്സിനെ ഉണർത്തി . സിജി റിയാദ് ചാപ്റ്ററിന്റെ തുടർ പരിപാടികളെ കുറിച്ച് വൈസ് ചെയർമാൻ നവാസ് റഷീദ് വിശദീകരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ 2023-2024 വർഷത്തേക്കുള്ള സിജി റിയാദ് എക്സിക്യൂട്ടീവ് അംഗങ്ങളെ ശുക്കൂർ പൂക്കയിലിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.
നേതൃത്വഗുണം വികസിപ്പിക്കുന്നതിന്റയും ഐക്യപ്പെടലിന്റെയും പ്രധാന്യം ബോധ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ ഗെയിമുകൾക്ക് അമീർ, സുഹൈൽ മങ്കരത്തൊടി , ഫഹീം ഇസ്സുദ്ധീൻ, എന്നിവർ നേതൃത്വം നൽകി.കുരുന്നുകൾ അണിനിരന്ന കലാവിരുന്നും സുഹാസ് ചെപ്പലിന്റെ ഗാനാലാപനവും സദസ്സിന് കുളിർമയേകി. റിദയും ആസ്യയും നേതൃത്വം കൊടുത്ത കഹൂത്ത് ക്വിസ് മത്സരം അറിവിനോടൊപ്പം ആനന്ദവും പകർന്നു. സാബിറ ലബീബ്, ശെർമി നവാസ്, സൗദ മുനീബ് , ശബീബറഷീദലി, സൈനുൽ ആബിദീൻ, സലീം ബാബു, ലബീബ് മാറഞ്ചേരി, ഷാനിദലി, മൊഹിയുദീൻ തുടങ്ങിയവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. സിജി റിയാദ് കരിയർ കൺവീനർ കരീം കാനാംപുരത്തിന്റെ നന്ദി പ്രകാശനത്തോടനുബന്ധിച്ച് പരിപാടികൾക്ക് സമാപനം കുറിച്ചു.