സിനിമാത്തൊഴിലാളികള്‍ക്ക് തുണയേകാന്‍ സിനിമാ ചലഞ്ച്

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ച്‌ ദുരിതത്തിലായ സിനിമയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ സിനിമാ ചലഞ്ചുമായി നിര്‍മ്മാതാവ്. പ്രതിഫലം വാങ്ങാതെ മുന്‍നിര അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും കൈകോര്‍ത്താല്‍ ഒരു മാസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ച്‌ ലഭിക്കുന്ന വരുമാനം വിഷമത്തിലായ തൊഴിലാളികളെ രക്ഷിക്കാന്‍ വിനിയോഗിക്കാമെന്നാണ് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്റെ നിര്‍ദേശം.

സാമ്പത്തികമായി തകര്‍ന്ന ഡബിംഗ് ആര്‍ട്ടിസ്റ്റ് റൂബി ബാബു ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍, സേവ് സിനിമാ വര്‍ക്കേഴ്‌സ് എന്ന ടാഗിലെ ചലഞ്ച് ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചു.

നല്ല കഥകള്‍ തിരഞ്ഞെടുത്ത് ഏഴ് ചെറുസിനിമകള്‍ കോര്‍ത്തിണക്കി ഒരു സിനിമ നിര്‍മ്മിക്കുക. ഏഴു വീതം സംവിധായകര്‍, ഛായാഗ്രാഹകര്‍, എഡിറ്റര്‍മാര്‍, സംഗീതസംവിധായകര്‍ അണിനിരക്കുക. ഏഴു യൂണിറ്റുകളെ ഉപയോഗിച്ച്‌ ഒരേ സമയം ചിത്രീകരിച്ചാല്‍ ഏഴു ദിവസത്തിനകം പൂര്‍ത്തിയാകും.

പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ മുന്‍നിരതാരങ്ങള്‍ തയ്യാറാകണം. ചിത്രീകരണത്തിന് മുമ്പും ശേഷവുമുള്ള ജോലികള്‍ പ്രതിഫലം കൂടാതെ ചെയ്യണം. മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന സിനിമ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ തയ്യാറാകും.

പത്തു കോടി രൂപ വരെ സിനിമയ്ക്ക് ലഭിക്കാം. നിര്‍മാണച്ചെലവ് കഴിഞ്ഞുള്ള തുക പ്രതിസന്ധി നേരിടുന്ന സാധാരണ തൊഴിലാളികള്‍ക്കും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കും നല്‍കുന്നത് വലിയ ആശ്വാസമാകും.

ആശയം മാത്രമല്ല ഷിബു മുന്നോട്ടുവയ്ക്കുന്നത്. പ്രാഥമികച്ചെലവുകള്‍ക്ക് പത്തു ലക്ഷം രൂപ നല്‍കാനും തയ്യാര്‍. പിന്നീട് തിരികെ നല്‍കിയാല്‍ മതി. ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയോ മറ്റു സംഘടനകളോ മുന്‍കൈയെടുക്കണം.

‘ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന നിരവധി പേരെ നേരിട്ടറിയാം. മരുന്നിന് മുതല്‍ കുട്ടികളെ പഠിപ്പിക്കാന്‍ വരെ ക്‌ളേശിക്കുന്നവരുണ്ട്. വിശദമായി ചര്‍ച്ച ചെയ്ത് മുന്നോട്ടുപോയാല്‍ സിനിമ നിര്‍മ്മിച്ച്‌ വിറ്റഴിക്കാന്‍ കഴിയും. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമാണ് മുന്‍കൈ എടുക്കേണ്ടത് , ഷിബു പറഞ്ഞു.

spot_img

Related Articles

Latest news