കാക്കൂർ: കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ കുടുംബം കാക്കൂർ പോലീസിൽ പരാതി നൽകി. ഞായറാഴ്ച രാവിലെയാണ് കുഞ്ഞിനെ ക്ലിനിക്കിൽ എത്തിച്ചത്.
ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ പ്രാഥമിക ചികിത്സകളോട് കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഉടൻതന്നെ കുടുംബം കുഞ്ഞിനെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അവിടെ നടത്തിയ പരിശോധനയിൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചേളന്നൂർ പള്ളിപ്പൊയിൽ മുതുവാട് സ്കൂളിന് സമീപം പൂവനത്ത് ഷാദിയയുടെയും ഫറോക്ക് സ്വദേശി ഇത്തിയാസിന്റെയും മകനാണ് മരിച്ച കുഞ്ഞ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.