തിരുവനന്തപുരം: തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വർഷങ്ങൾക്ക് മുമ്പ് സുധാകരന്റെ സുഹൃത്ത് തന്നെയാണ് ഇക്കാര്യം തന്നെ നേരിട്ട് അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
എന്റെ ശരീരത്തിൽ കായികമായി തൊടാൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും എന്നാൽ ഒരാൾക്ക് പോലും എന്നെ തൊടാൻ കഴിഞ്ഞിട്ടില്ല. കണ്ണൂർ ബ്രണ്ണൻ കോളേജിൽ പിണറായി വിജയനെ കായികമായി നേരിട്ടുവെന്ന സുധാകരന്റെ അവകാശവാദത്തോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബ്രണ്ണൻ കോളേജിൽനിന്ന് പഠിച്ച് പുറത്തിറങ്ങിയ ശേഷം കോളേജിൽ പരീക്ഷ ബഹിഷ്കരണം ഉണ്ടായിരുന്നു. കോളേജിലേക്ക് പോകാതെ വീട്ടിലിരുന്നാൽ അസുഖം കാരണം വീട്ടിൽ ഇരുന്നു എന്ന് വരും. അതിനാൽ കോളേജിലേക്ക് പോയി. അവിടെ സംഘർഷമുണ്ടായപ്പോൾ ഒരാളെ ചിലർ ചേർന്ന് മർദ്ദിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അതിനെ തടയുകയാണ് ചെയ്തത്. അയാളെ മർദ്ദിക്കാൻ ശ്രമിച്ചയാളെ അവിടെനിന്ന് പിടിച്ചുമാറ്റുകയായിരുന്നു. അത് സുധാകരനാണ്. ബാലൻ ഇടപെട്ടതു കൊണ്ടാണ് അയാൾ അന്ന് രക്ഷപ്പെട്ടത്. തന്നെ മർദ്ദിച്ചുവെന്നത് സുധാകരന്റെ സ്വപ്നാടനം മാത്രമാണ്. പോലീസുകാരൻ അല്ലാത്ത ഒരാൾക്കു പോലും തന്റെ ശരീരത്തിൽ തൊടാനായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടി.പി രാമകൃഷ്ണൻ നേരത്തെ സുധാകരന് എതിരെ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രി എടുത്തുദ്ധരിച്ചു. സുധാകരന്റെ വരവോട് കൂടിയാണ് കണ്ണൂരിൽ കോൺഗ്രസിന്റെ നില മോശം അവസ്ഥയിലേക്ക് എത്തിയതെന്ന ടി.പി രാമകൃഷ്ണന്റെ ആരോപണവും മുഖ്യമന്ത്രി ഉന്നയിച്ചു. മമ്പറം ദിവാകരൻ സുധാകരന് എതിരെ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രി ആവർത്തിച്ചു. കണ്ണൂരിൽ സി.എച്ച് മുഹമ്മദ് കോയക്ക് എതിരെ ചെരിപ്പേറും കരിങ്കൊടി കാണിച്ചതും സുധാകരനായിരുന്നു. സി.എച്ചിന് നേരെ നടത്തിയ അതിക്രമം സുധാകരൻ മറന്നുപോയിട്ടുണ്ടാകില്ല. ആ സ്ഥാപനത്തിന് ചുറ്റിലും അർധനഗ്നനായി സുധാകരനെ ഓടിച്ചില്ലേ. ഒരു ദിവസം രാവിലെ സുധാകരന്റെ ഒരു സുഹൃത്ത് രാവിലെ വീട്ടിൽ വന്നു. അയാളെ കണ്ടപ്പോൾ ആശങ്കയായി. ആളുടെ പേര് പറയുന്നില്ല. അയാൾ സുധാകരന്റെ ഫൈനാൻസിയർ ആയിരുന്നു. വീട്ടിൽ ഞാനും രണ്ടു കുഞ്ഞുങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുധാകരൻ താങ്കളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുമായാണ് സുധാകരൻ നടക്കുന്നത്. ഞാൻ സുധാകരന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുധാകരന്റെ സ്വഭാവം വെച്ച് അയാളത് ചെയ്യും. വരുമ്പോൾ നോക്കാം എന്നായിരുന്നു ഞാൻ പറഞ്ഞത്. രണ്ടു കുട്ടികളെയും കൈ പിടിച്ചാണ് ഭാര്യ സ്കൂളിൽ പോകുന്നത്. പറഞ്ഞാൽ അവര് പേടിക്കും. അതിനാൽ ആരോടും പറഞ്ഞില്ല. ഇതൊക്കെ സുധാകരന്റെ മോഹമാണ്. ഇതൊന്നും വെച്ച് വിജയനെ വീഴ്ത്താൻ പറ്റില്ലെന്ന് സുധാകരൻ മനസിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.