തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ മന്ത്രിമാരുടെ കൂട്ടായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധികളെ പ്രവര്‍ത്തന മികവു കൊണ്ടു നേരിട്ട ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞ മുഖ്യമന്ത്രി വികാര ഭരിതനായാണ് ഈ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തില്‍ സംസാരിച്ചത്.
വളരെ മികച്ച പ്രകടനം കാഴചവച്ചവരും മികച്ച പ്രകടനം കാഴ്ചവച്ചവരും മന്ത്രിസഭയിലുണ്ടായിരുന്നു. ഓരോരുത്തരുടെയും പ്രകടനത്തെ പ്രത്യേകമായി എടുത്തു പറയുന്നില്ല. ഇത്രയും പ്രതിസന്ധികളെ നേരിട്ട മറ്റൊരു സര്‍ക്കാരില്ല. ഓഖിയും പ്രളയവും കോവിഡുമടക്കം സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധികളെ മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതും സര്‍ക്കാരില്‍ ജനങ്ങള്‍ക്കു വിശ്വാസമുണ്ടായിരുന്നതുമാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക് കൂട്ടായി നിന്നത്. ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണ പ്രതീക്ഷകള്‍ തള്ളാതെയായിരുന്നു പിണറായിയുടെ വിടവാങ്ങല്‍ പ്രസംഗം. സാധാരണ അധികാരത്തിന്റെ അവസാനവര്‍ഷം പ്രകടമാകാറുള്ള ഭരണവിരുദ്ധ വികാരം ഇത്തവണ പ്രകടമായിട്ടില്ല എന്നത് സര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം എടുത്തുപറഞ്ഞു.
ജനങ്ങളുടെ പൂര്‍ണമനസോടെയുള്ള പിന്തുണയാണ് സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കരുത്തായത്. ഓരോ മന്ത്രിമാരും അവരവരുടേതായ നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി. ഒരു ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചതു കൂട്ടായ പ്രവര്‍ത്തനത്താലാണ്. വോട്ടെണ്ണലില്‍ ഇടതുമുന്നണിക്ക് ഫലം അനുകൂലമായാലും പ്രതികൂലമായാലും ഈ മന്ത്രിസഭയുടെ രാജി മേയ് മൂന്നിന് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോടി കോവിഡ് പ്രതിരോധ വാക്സിന് വാങ്ങാനുള്ള സുപ്രധാന തീരുമാനമാണ് അവസാന മന്ത്രിസഭയില്‍ കൈക്കൊണ്ടതില്‍ പ്രധാനം. ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗമായതിനാല്‍ തിരുവനന്തപുരത്തുണ്ടായിരുന്ന മന്ത്രിമാര്‍ പോലും പരസ്പരം കാണാതെയായിരുന്നു വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുത്തത്.