ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍ നിന്നും നേരിട്ട് തേങ്ങ സംഭരിക്കുന്നതിനും ഉടന്‍ തന്നെ കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നതിനുളള സംവിധാനം വേങ്ങേരി മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ തുടങ്ങി. മാര്‍ക്കറ്റ് വിലക്കാണ് തേങ്ങ സംഭരിക്കുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍ മൂന്ന് മണി വരെ കര്‍ഷകര്‍ക്ക് തേങ്ങ നല്‍കാം. വാഹന ചാര്‍ജ് ലഭിക്കാന്‍ കര്‍ഷകര്‍ കൃഷി ഓഫീസറുടെ
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. 25 കിലോ മീറ്റര്‍ പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്ക് ഒരു കിലോ തേങ്ങയ്ക്ക് 1.5 രൂപ നിരക്കിലും 25 മുതല്‍ 50 കിലോമീറ്റര്‍ വരെ രണ്ട് രൂപ നിരക്കിലും 50 കിലോ മീറ്ററിലധികം ദൂരത്ത് നിന്നും വരുന്ന കര്‍ഷകര്‍ക്ക് 2.5 രൂപ നിരക്കിലും വാഹന ചാര്‍ജ് ലഭിക്കും. നികുതി രശീതി, ആധാര്‍
കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പ്, ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം. ലിമാ പോര്‍ട്ടലില്‍ (നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്) കര്‍ഷകര്‍ക്ക് എവിടെ നിന്നും അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാനും കച്ചവടക്കാര്‍ക്ക് വാങ്ങാനുമുളള സംവിധാനമുണ്ട്. ലേലത്തില്‍ ആര്‍ക്കും എവിടെ വെച്ചും ഓണ്‍ലൈനായി പങ്കെടുക്കാം.
ട്രാന്‍സ്പോര്‍ട്ടേഷന് ലോജിസ്റ്റിക്സ് സംവിധാനവും ഉണ്ട്. 9846226594 നമ്പറില്‍ ബന്ധപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് വിശദവിവരങ്ങള്‍ അറിയാം.
ലേല ഉദ്ഘാടന പരിപാടിയില്‍ നഗര കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രം സെക്രട്ടറി ഗീത. പി. ടി, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്സ്, ലേല കമ്മറ്റി കണ്‍വീനര്‍ അബ്രഹാം മാത്യു, എഫ് ഐ ബി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നിഷ പി. ടി എന്നിവര്‍ സന്നിഹിതരായി.