കേരളത്തിന്റെ വികസനത്തിലും ഭാവിയിലും തല്‍പരരായ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് നാടിന്റെ പുതിയ മുന്നേറ്റത്തിനായി സിപിഐ എം പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവന്‍. കേരളത്തിന്റെ സമഗ്രമാറ്റത്തിന് കാരണം ഇടതുമുന്നണിയാണ്. കേരള മാതൃകയുടെ വളര്‍ച്ചയ്‌ക്കായി പുതിയ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന് സഹായകരമായ രൂപത്തില്‍ പാര്‍ടിയുടെ അടിത്തറയും ഗുണപരമായ മികവും മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടത്തും. രണ്ടുദിവസം നീണ്ട സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ടി വിദ്യാഭ്യാസ പരിപാടികള്‍ വിപുലീകരിക്കും. രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകളെ പരിഹരിച്ച് തിരുത്തും. സമൂഹത്തില്‍ യുക്തിബോധവും ശാസ്ത്രബോധവും വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. സമൂഹത്തിന്റെ പൊതുബോധത്തെ വലതുപക്ഷവത്കരിക്കാനുള്ള പരിശ്രമങ്ങളെ പരാജയപ്പെടുത്തും. കേരളത്തിന്റെ പുരോഗതിയും മികവാര്‍ന്ന ജനകീയ അടിത്തറയും ആശയപ്രത്യയശാസ്ത്ര കെട്ടുറപ്പുമുള്ള പാര്‍ടിയായി സിപിഐ എമ്മിനെ മാറ്റണമെന്നും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കേണ്ട 20 ചുമതലകള്‍ സംസ്ഥാനകമ്മിറ്റി അംഗീകരിച്ചു. ഇത് പാര്‍ടിക്കകത്ത് റിപ്പോര്‍ട്ട് ചെയ്യും.
സിപിഐ എമ്മിനും ഇടതുപക്ഷ ജാധിപത്യ മുന്നണിക്കും മികച്ച വിജയം നല്‍കി എന്ന വസ്തുതയില്‍ നിന്നുകൊണ്ടാണ് സംസ്ഥാനകമ്മിറ്റി കാര്യങ്ങള്‍ വിശകലനം ചെയ്തതെന്നും വിജയരാഘവന്‍ പറഞ്ഞു. സ്വതന്ത്രര്‍ ഉള്‍പ്പെടെ 67 സ്ഥാനങ്ങളിലാണ് സിപിഐ എം ജയിച്ചത്. കേരള ചരിത്രത്തില്‍ ഒരു രാഷ്ട്രീയപാര്‍ടിക്ക് കിട്ടിയ ഏറ്റവും കൂടുതല്‍ എംഎല്‍എ സ്ഥാനങ്ങളാണിത്. കഴിഞ്ഞകാലങ്ങളിലേതുപോലെ ഈ സര്‍ക്കാരിനെയും അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അഞ്ചുവര്‍ഷക്കാലവും നടന്നു. അവസാന വര്‍ഷമായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ നേരിട്ടിടപെട്ടു. തുടങ്ങി. യുഡിഎഫ്-ബിജെപി-കേന്ദ്ര ഏജന്‍സികള്‍ ഇവരെല്ലാം ഒരുമിച്ച് കൈകോര്‍ത്താണ് എല്‍ഡിഎഫ് തുടര്‍ഭരണം ഒഴിവാക്കാന്‍ പ്രവര്‍ത്തിച്ചത്. ഇവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ഇടതുപക്ഷം അധികാരത്തില്‍ വരാതിരിക്കാന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇടതുമുന്നണിയെ പിന്തുണച്ചു.
എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. പോരായ്മകള്‍ സംഭവിച്ചയിടങ്ങള്‍ ഗൗരവപൂര്‍മാണ് പാര്‍ടി പരിഗണിക്കാറുള്ളത്. മുന്നണി നേതാക്കള്‍ മത്സരിച്ച പാലാ, കല്‍പറ്റ മണ്ഡലങ്ങളും ജയിക്കേണ്ടിയിരുന്ന ചില മണ്ഡലങ്ങളിലും സംഘടനാപരമായ പോരായ്മ ഉണ്ടായിട്ടുണ്ട്. പോരായ്മകള്‍ തിരുത്തുക എന്നത് പാര്‍ടിയെ സംബന്ധിച്ച് ആവശ്യമാണ്. ആ നിലയില്‍ പരാജയപ്പെട്ട ചില മണ്ഡലങ്ങളിലെ പോരായ്മകള്‍ പരിശോധിക്കാന്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ച ചില പരാതികള്‍ കിട്ടിയിരുന്നു. പാര്‍ടി അത് പരിശോധിക്കും. വലിയ വിജയത്തിനുമുന്നില്‍ വന്നുചേര്‍ന്ന പരിമിതികളെ കാണാതെ പോകില്ല. ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ പരിശോധനകളും തിരുത്തലുകളും സ്വീകരിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
Media wings: