സൗദി അറേബ്യ തണുത്ത് വിറയ്ക്കുന്നു. വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തും. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര ഔദ്യോഗിക വക്താവ് ഹുസൈൻ അൽ – ഖഹ്താനി പറഞ്ഞു.
വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തുമെന്നും തെക്കൻ മേഖലകളിൽ താപനില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ഭാഗങ്ങളിലും റിയാദിലും മഴ പെയ്യാനുള്ള സാധ്യത ഇനിയുമുണ്ടെന്നും വരും മണിക്കൂറുകളിൽ വടക്ക് ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ച്ചയ്ക്കും ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തുറൈഫിലെ പല ഭാഗങ്ങളും മഞ്ഞു മൂടിയിരിക്കുകയാണ്. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയാണ്. മഞ്ഞ് വീഴ്ച കണ്ട് ആസ്വദിക്കാൻ നിരവധി ആളുകളാണ് പുറത്തിറങ്ങിയത്. തുറൈഫിൽ പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്.
വടക്കൻ മേഖലയിൽ ചൊവ്വാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി തബൂക്ക് മേഖല കാലാവസ്ഥാ വിഭാഗം ഡയറക്ടർ ഫർഹാൻ അൽഅൻസി പറഞ്ഞു. ചൊവ്വാഴ്ച വടക്കൻ ഭാഗങ്ങളിലും ഹാഇൽ പ്രവിശ്യയിലെ ഉയരം കൂടിയ ഭാഗങ്ങളിലും മഞ്ഞുവീഴ്ച്ച തുടരാനുള്ള സാധ്യതയുണ്ട്.
സൗദിയിലെ തുറൈഫിൽ ഇന്നലെ ഐസ് മഴപെയ്തു. കഠിനമായ ശൈത്യമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ഇവിടെ അനുഭവപ്പെടുന്നത്. മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലുള്ള ശീതക്കാറ്റും വീശുന്നുണ്ട്.
കഴിഞ്ഞ നാല് ദിവസങ്ങളിൽ പലതവണ മഴ പെയ്തു. മരുഭൂമികളിൽ ചെറിയ വെള്ളക്കെട്ടുകൾ ഉണ്ടായി. ഐസ് മഴയുടെ വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മിക്ക വർഷങ്ങളിലും അതിശൈത്യത്തോടനുബന്ധിച്ച് ഇവിടെ ഐസ് മഴ വർഷിക്കാറുണ്ട് .