കലക്ടറുടെ ന്യായീകരണം പരസ്പരവിരുദ്ധം – ലക്ഷദ്വീപ് എം പി

കൊച്ചി: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ ന്യായീകരിച്ച്‌ കലക്ടര്‍ അസ്ഗര്‍ അലി പറഞ്ഞ വാദങ്ങള്‍ പരസ്പരവിരുദ്ധമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. നിലവിലെ നിയമങ്ങള്‍വെച്ച്‌ നേരിടാന്‍ കഴിയുന്നതില്‍ കൂടുതല്‍ എന്ത് കുറ്റകൃത്യമാണ് ലക്ഷദ്വീപിലുള്ളതെന്ന് കലക്ടര്‍ വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശം കേട്ട് വാര്‍ത്താ സമ്മേളനം നടത്തുമ്പോൾ കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതു കമ്മിറ്റി കൂടിയാണ് ഗോവധ നിരോധന നയം രൂപവത്കരിച്ചതെന്ന് വ്യക്തമാക്കണം.

ബീഫും ചിക്കനും ദ്വീപില്‍ ലഭിക്കുന്നില്ലെന്ന് പറയുമ്പോൾ മുട്ടയും മറ്റു വസ്തുക്കളും എങ്ങനെ ദ്വീപിലേക്ക് എത്തു​ന്നതെന്ന് പറയണം. ഇത് എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് ഇല്ലാതാക്കുന്ന നടപടിയാണ്.

കോവിഡ് പ്രതിരോധത്തിന് ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുമെന്ന് പറയുന്ന അദ്ദേഹം ജനങ്ങള്‍ മരിച്ചതിനു ശേഷമാണോ നടപ്പാക്കാന്‍ പോകുന്നതെന്ന് ചോദിച്ചു.

ലക്ഷദ്വീപ് ഡെവലപ്മെന്റ് റെഗുലേഷനില്‍ ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതായി കാണാം. ഇവിടെ എന്താണ് ഖനനം ചെയ്ത് വികസനം നടത്താന്‍ ഉദ്ദേശിക്കുന്നത്.

ടൂറിസ്​റ്റുകളെ ആകര്‍ഷിക്കാനാണെന്ന് പറഞ്ഞു കൊണ്ടാണ് കോവിഡ് നിയന്ത്രണങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ എടുത്തുമാറ്റിയത്. എങ്കില്‍ പിന്നെ എന്തിനാണ് ഒരാഴ്ചക്കുള്ളില്‍ തന്നെ ടൂറിസം വകുപ്പില്‍നിന്ന് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത്​.

സംയോജിത ദ്വീപ് മാനേജ്മെന്‍റ് പ്ലാന്‍ പ്രകാരം തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്കാണ് മുന്‍ഗണന. അവരുടെ ഷെഡുകള്‍ അനധികൃതമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. നീക്കം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി നല്‍കണമെന്നും സംയോജിത ദ്വീപ് മാനേജ്മെന്‍റ് പ്ലാന്‍ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗികളെ മാറ്റുന്നതില്‍ കൂടുതല്‍ നടപടി ക്രമങ്ങള്‍ ഏര്‍പ്പെടുത്തിയത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഇത്രയും കാലം എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചാണ് രോഗികളെ മാറ്റുന്ന തീരുമാനമെടുത്തിരുന്നത്.

ദ്വീപില്‍ കോവിഡ് വാക്സിന്‍ ആവശ്യത്തിനുണ്ടെന്ന് പറയുന്ന കലക്ടര്‍ ഇപ്പോള്‍ വാക്സിന്‍ വിതരണം ചെയ്യാനാകാത്ത സാഹചര്യത്തെക്കുറിച്ച്‌ എന്തുപറയു​ന്നെന്നും എം.പി ചോദിച്ചു.

പ്രചാരണം നടത്തുന്നവര്‍ ദ്വീപില്‍ അനധികൃത കച്ചവടം നടത്തുന്നവരാണെന്ന് അധിക്ഷേപിക്കുന്ന കലക്ടര്‍, അവിടെ നടക്കുന്ന അനധികൃത കച്ചവടങ്ങളെന്താണെന്ന് പറയുന്നില്ല. ദ്വീപില്‍ ഓണ്‍ലൈനിലൂടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ സ്വദേശികളാണ്. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച നടപടിയെക്കുറിച്ച്‌ എന്ത് പറയുന്നു എന്നും  അദ്ദേഹം ചോദിച്ചു.

spot_img

Related Articles

Latest news