യുവാവിനെ പൂര്‍ണനഗ്നനാക്കി മര്‍ദ്ദിച്ചു, മുറിവുകളില്‍ മുളകുപൊടി പ്രയോഗവും; മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ പരാതി

കോഴിക്കോട്: കൊടുവളളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. ഓമശേരിയിലെ സ്വകാര്യ മാർക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജരായ ഷബീർ അലി എന്ന യുവാവിനെയാണ് സംഘം കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്.വ്യാപാര സംബന്ധമായ തർക്കങ്ങളെ തുടർന്നാണ് പ്രതികള്‍ മർദ്ദിച്ചതെന്നും തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്ഥാപനത്തിന്റെ ഉടമസ്ഥൻ ഫിറോസ് ഖാനെന്നുമാണ് യുവാവിന്റെ പരാതി.

ഷബീർ അലിയെ കോടഞ്ചേരിയിലെ റിസോർട്ടില്‍ എത്തിച്ചും താമരശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂർണ നഗ്‌നനാക്കിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും മുറിവുകളില്‍ മുളകുപൊടി പുരട്ടിയതായും പരാതിയിലുണ്ട്. അവശനായ ഷബീർ അലിയെ, ഫിറോസ് ഖാൻ കഴിഞ്ഞ ദിവസം രാവിലെ താമരശേരി ടൗണില്‍ ഉപേക്ഷിക്കുകയായിരുന്നു.

പരിക്കേറ്റ യുവാവിനെ ആദ്യം താമരശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികമായ പരിക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. യുവാവിനെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ വൻ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം നടക്കുന്ന ദിവസത്തിന് മുൻപും ഒരു സംഘം വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് ഷബീർ അലിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞു. അതേസമയം, കൊടുവള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

spot_img

Related Articles

Latest news