കോഴിക്കോട്: രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ ഒരുമിച്ച് നല്‍കിയതായി പരാതി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 46 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീക്കുനി ചേരാപുരം സ്വദേശിനി റജുല (46)യെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് റജുല ഭര്‍ത്താവ് കാരക്കണ്ടിയിൽ നിസാറിനൊപ്പം വാക്‌സിന്‍ സ്വീകരിക്കാന്‍ കടമേരി പിഎച്ച്‌സിയില്‍ എത്തിയത്. ഇവിടെ വച്ച് രണ്ട് തവണ ഭാര്യക്ക് വാക്‌സിന്‍ നല്‍കിയത് കണ്ടെന്നാണ് ഭര്‍ത്താവ് ആരോപിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കിയത്. ടെസ്റ്റ് ഡോസ് ആണെന്നായിരുന്നു വീട്ടമ്മ കരുതിയതെന്നും പരാതിയില്‍ പറയുന്നു.
ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.