തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്ന നടപടികള്‍ ഇന്നും തുടരും.
ജപ്തി നടപടികള്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി വി അനുപമ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളി പുതിയകാവിലെ വീടും ഭൂമിയും ഇന്നലെ ജപ്തി ചെയ്തു. കൂടാതെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫിന്റെ പട്ടാമ്ബി ഓങ്ങല്ലൂരിലുള്ള സ്ഥലവും കണ്ടുകെട്ടി.
ആലുവയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പെരിയാര്‍ വാലി ട്രസ്റ്റ് ക്യാമ്ബസും അനുബന്ധ സാമഗ്രികളും ജപ്തി ചെയ്തതില്‍ ഉള്‍പ്പെടുന്നു . അറുപത്തിയെട്ട് സെന്റിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
വയനാട്ടില്‍ പതിനാല് ഇടത്തും പാലക്കാട് പതിനാറ് ഇടത്തും ജപ്തി നടന്നു. ഇടുക്കിയില്‍ ആറ്, പത്തനംതിട്ടയില്‍ മൂന്ന്, ആലപ്പുഴയില്‍ രണ്ട് പ്രവർത്തകരുടെ സ്വത്ത് വകകള്‍ ജപ്തിയായി. ജപ്തിക്ക് ശേഷം വസ്തുവകകള്‍ ലേലം ചെയ്യും.
മിന്നല്‍ ഹര്‍ത്താലിന് മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ നടത്തിയ അക്രമങ്ങളിലെ നാശനഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
എന്നാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാട്ടിയിരുന്നില്ല. കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ജപ്തി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.