എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; ഫലത്തില്‍ ക്രമക്കേട് ആരോപിച്ച്‌ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേടെന്ന് ആരോപണം. വിവരങ്ങളുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ അന്തരം കണ്ടെത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തത് 64,088,195 വോട്ടുകളാണ്. എന്നാല്‍, എണ്ണിയ ആകെ വോട്ടുകള്‍ 64,592,508 ആണ്. മൊത്തം വോട്ടിനെക്കാള്‍ 5,04,313 വോട്ടുകള്‍ അധികമാണിത്. ഫലത്തില്‍ ക്രമക്കേട് ആരോപിച്ച്‌ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു.

അതേസമയം, എട്ട് മണ്ഡലങ്ങളില്‍ എണ്ണപ്പെട്ട വോട്ടുകള്‍ പോളിങ് കണക്കുകളെക്കാള്‍ കുറവാണ്. ശേഷിച്ച 280 മണ്ഡലങ്ങളില്‍ വോട്ടുകള്‍ പോളിങ്ങിനെക്കാള്‍ കൂടുതലായിരുന്നു. പോളിങ്ങിനെക്കാള്‍ 4538 വോട്ടുകള്‍ അധികമായ അഷ്ഠി മണ്ഡലത്തിലാണ് ഏറ്റവും വലിയ അന്തരമുള്ളത്. ഒസ്മാനാബാദ് മണ്ഡലത്തില്‍ 4155 വോട്ടുകളുടെ വ്യത്യാസമുണ്ട്.2024 മേയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ തരത്തിലുള്ള പൊരുത്തക്കേടുകള്‍ സംസ്ഥാനത്ത് കണ്ടെത്തിയിരുന്നു. വോട്ടർമാരുടെ പോളിങ് ഡാറ്റയും ഓരോ പോളിങ് സ്‌റ്റേഷനിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘ഫോം 17 സി’യും സംബന്ധിച്ച്‌ അന്ന് തന്നെ സംശയങ്ങളുയർന്നിരുന്നു. ഈ സമയം രാഷ്ട്രീയ കക്ഷിരഹിത ലാഭേച്ഛയില്ലാതെ തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റീഫോർമ്‌സ് ഓരോ പോളിങ് ഘട്ടത്തിലും 48 മണിക്കൂറിനുള്ളില്‍ പോളിങ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചുള്ള വോട്ടർ കണക്കുകള്‍ പുറത്തുവിടാൻ സുപ്രിംകോടതിയില്‍ അപേക്ഷിച്ചിരുന്നു. തുടക്കം മുതല്‍ അവസാനഘട്ടം വരെയുള്ള പോളിങ് കണക്കുകള്‍ തമ്മിലെ പൊരുത്തക്കേട് അഞ്ച് മുതല്‍ ആറ് ശതമാനം വരെയാണെന്ന് അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

spot_img

Related Articles

Latest news