പാലക്കാട്: സ്ത്രീകളോട് മോശമായി പെരുമാറിയതിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മുഹമ്മദ് റിയാസ് സിപിഎമ്മില്‍ ചേർന്നു.പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ റിയാസിന് സ്വീകരണം നല്‍കി. സ്ത്രീകളുടെ പരാതികള്‍ ലഭിച്ചതിനാലാണ് റിയാസിനെതിരെ നടപടി എടുത്തത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
കോണ്‍ഗ്രസിന്റെ തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിന് എതിരെ കോണ്‍ഗ്രസ് സംഘടന നടപടി എടുത്തിരുന്നു. പാർട്ടിയുടെ പ്രഥമിക അംഗത്വം ഉള്‍പടെ എല്ലാം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ റിയാസ് തീരുമാനിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ മുഹമ്മദ് റിയാസിന് സ്വീകരണം നല്‍കി.
സ്ത്രീകളുടെ പരാതിയില്‍ രണ്ട് കേസുകളാണ് മുഹമ്മദ് റിയാസിന് എതിരെ കല്ലടിക്കോട് പൊലീസ് രജിസ്റ്റർ ചെയ്തത്. വ്യാജ പരാതികളാണ് തനിക്ക് എതിരെ നല്‍കിയിരിക്കുന്നതെന്നാണ് റിയാസിന്റെ വാദം. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ കോഴവാങ്ങി പാർട്ടിയില്‍ പദവികള്‍ നല്‍കുന്ന വ്യക്തിയാണെന്നും റിയാസ് ആരോപിച്ചു.
പാർട്ടിയില്‍ നിന്നും പുറത്ത് പോയ വ്യക്തി പറയുന്ന കാര്യങ്ങള്‍ ആരും ഗൗരവത്തില്‍ എടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. തച്ചമ്പാറയില്‍ സ്വാധീനമുള്ള റിയാസിനെ വെച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.