എ ഐ സി സി പ്രഖ്യാപിച്ച സംഘടനാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് അംഗത്വ വിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും. കെ പി സി സി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
നവംബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് അംഗത്വവിതരണം. ഡിസിസി തൊട്ട് താഴോട്ടുള്ള കമ്മിറ്റികൾ ഇതിനു നേതൃത്വം കൊടുക്കും.
ഏപ്രിൽ ഒന്നിനും 15നും ഇടയിൽ, അംഗീകരിക്കപ്പെട്ട പാർട്ടി അംഗങ്ങളുടെ പട്ടിക ഡിസിസികൾ പ്രസിദ്ധീകരിക്കും. 16 മുതൽ ബൂത്ത്, ബ്ലോക്ക് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടക്കും. ജൂൺ, ജൂലൈ മാസങ്ങളിൽ ഡിസിസികളിലെ തിരഞ്ഞെടുപ്പും ഓഗസ്റ്റിൽ കെപിസിസി തല തിരഞ്ഞെടുപ്പുകളും നടക്കും.
എഐസിസിയുടെ സംഘടനാ ഷെഡ്യൂൾ വച്ചു കൊണ്ടു കേരളത്തിൽ തിരഞ്ഞെടുപ്പു തീയതികൾ സംബന്ധിച്ച കൃത്യത വരുത്തും. നവംബർ രണ്ട്, മൂന്ന് തീയതികളിൽ ചേരുന്ന കെപിസിസി നേതൃയോഗങ്ങൾ അംഗത്വ വിതരണത്തിന്റെ തയാറെടുപ്പുകൾ ചർച്ച ചെയ്യും. പുതുതായി രൂപീകരിച്ച യൂണിറ്റുകളെക്കൂടി അംഗത്വ വിതരണത്തിന്റെ ഭാഗമാക്കണമെന്ന നിർദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ പൊതു ധാരണ ആയിട്ടില്ല.
ഏറ്റവുമൊടുവിൽ 1992 ലാണ് വാശിയേറിയ സംഘടനാ തിരഞ്ഞെടുപ്പ് കേരളത്തിൽ നടന്നത്. അന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ.കെ.ആന്റണിയും വയലാർ രവിയും തമ്മിൽ നടന്ന മത്സരത്തിൽ രവി വിജയിച്ചു. പിന്നീടെല്ലാം ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തീകരിക്കുക മാത്രമാണ് ഇവിടെ ചെയ്തുവന്നത്. എ–ഐ ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പു കാലത്ത് ഈ വെടിനിർത്തലിന് മുൻകൈ എടുക്കുകയായിരുന്നു.