കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ ഇന്ന് രാവിലെ 9ന് മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും.
കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനരംഗത്ത് കഴിവുതെളിയിച്ചത്. പ്രവര്‍ത്തകരുടെ ഏതാവശ്യത്തിനും എവിടെയും ഓടിയെത്താനുള്ള ഊര്‍ജസ്വലതയാണ് അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനർ, കെ.പി.സി.സി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
മൂന്നുതവണ വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച് യു.ഡി.എഫിന് അട്ടിമറി വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഉണിത്രാട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര (മുൻ അധ്യാപിക – കൊയിലാണ്ടി കൊല്ലം ഗവ. മാപ്പിള സ്കൂൾ). മക്കള്‍: രജീന്ദ് (സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍), ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍).