ഈശ്വരപ്പയുടെ അറസ്റ്റ് വരെ സമരം : കോണ്‍ഗ്രസ്

കരാറുകാരന്റെ ആത്മഹത്യയില്‍ കര്‍ണാടക ഗ്രാമ വികസന മന്ത്രി എസ്.ഈശ്വരപ്പ രാജിവച്ചെങ്കിലും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. ഇന്നലെയാണ് ബംഗളൂരുവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറിയത്. കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഈശ്വരപ്പയുടെ രാജി.

രാജി കൊണ്ട് മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും ഈശ്വരപ്പയെ അറസ്റ്റു ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ്. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട്, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബിജെപി കേന്ദ്രനേതൃത്വം കെ.എസ്.ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന.

സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണ കുറ്റം ചുമത്തി ഈശ്വരപ്പയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാല് കോടി രൂപയുടെ റോഡ് പണി പൂര്‍ത്തിയാക്കാനായി കൈയില്‍ നിന്ന് പണം മുടക്കിയിട്ട് ഒടുവില്‍ ഈശ്വരപ്പയും കൂട്ടാളികളും 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഇയാളുടെ ബന്ധുക്കളുടെ ആരോപണം.

സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്. കമ്മീഷന്‍ മാഫിയയ്ക്കെതിരെ കര്‍ണാടകയിലെ സംയുക്ത കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ മെയ് 25ന് സംസ്ഥാനവ്യാപകമായി റാലി നടത്തും. 50,000 കോണ്‍ട്രാക്ടര്‍മാര്‍ റാലിയില്‍ പങ്കെടുക്കുമെന്നും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

spot_img

Related Articles

Latest news