ന്യൂഡല്‍ഹി: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപണം. കോണ്‍ഗ്രസ് നേതാവും ട്രഷററുമായ അജയ് മാക്കനാണ് ഇക്കാര്യം ആരോപിച്ചത്. ചെക്കുകള്‍ ബാങ്ക് അനുവദിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും അംഗത്വ ക്യാപെയിനിലൂടെയും സമാഹരിച്ച പണമായിരുന്നു അക്കൗണ്ടുകളിലെന്നും അജയ് മാക്കന്‍ വിശദീകരിച്ചു. ആധായനികുതി വകുപ്പിന്‍റെതാണ് നടപടി. നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് വിവരം.
‘ഞങ്ങള്‍ നല്‍കുന്ന ചെക്ക് ബാങ്കുകള്‍ മാറാന്‍ കഴിയില്ലെന്ന് ഇന്നലെയാണ് ബാങ്കില്‍ നിന്നും വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും 210 കോടി രൂപ തിരിച്ചുപിടിക്കാന്‍ ആദായനികുതി അറിയിച്ചിട്ടുണ്ട്. ക്രൗഡ് ഫണ്ടിംഗ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ അത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ്.’ അജയ് മാക്കന്‍ അഭിപ്രായപ്പെട്ടു.