ന്യൂഡല്‍ഹി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാന്‍ഡോ പ്രചരിപ്പിക്കുമ്ബോള്‍, അവര്‍ കൈപ്പറ്റുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും വെളിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ‘എന്‍ഡോസ്മെന്റ് നോ ഹൗസ്’ എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
പ്രമോഷനുകള്‍ നടത്തുമ്ബോള്‍ സ്പോണ്‍സേഡ് എന്നോ പെയ്ഡ് പ്രമോഷന് എന്നോ നിര്‍ബന്ധമായി ഉപയോഗിക്കണം. ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലളിതമായി കാഴ്ചക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രേറ്റികളും ഇന്‍ഫ്ളുവന്‍സര്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടും. പണം, സൗജന്യ ഉത്പന്നങ്ങള്‍, സമ്മാനങ്ങള്‍, യാത്രകള്‍ അല്ലെങ്കില്‍ ഹോട്ടല്‍ താമസം, അവാര്‍ഡുകള്‍ തുടങ്ങി കുടുംബപരമോ വ്യക്തിപരമോ തൊഴില്‍പരമോ ആയി ലഭിക്കുന്ന സൗജന്യങ്ങള്‍ ആനുകൂല്യത്തില്‍ പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
മാര്‍ഗനിര്‍ദ്ദേശം കൃത്യമായി പാലിക്കാത്തവര്‍ക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. കൂടാതെ ഉത്പന്നങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആറ് വര്‍ഷം വരെ സോഷ്യല്‍ മീഡിയയില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.
ഇന്ത്യയില്‍ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് അതിവേഗം വളരുന്ന മേഖലയാണ്. 2023ല്‍ ഈ വ്യവസായം 1500 കോടി കവിയുമെന്നാണ് കണക്കുകൂട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.