കോപ്പറും നിക്കലും ചേര്‍ത്ത് നിര്‍മ്മിച്ച 1 രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹിയിലെ ഐസിഐസിഐ ബാങ്ക് ബ്രാഞ്ച് പുറപ്പെടുവിച്ച ഒരു നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ നാണയങ്ങള്‍ ബാങ്കിലെത്തിയാല്‍ ഇടപാടുകള്‍ക്കായി അവ വീണ്ടും നല്‍കില്ല എന്നാണ് സൂചിപ്പിക്കുന്നത്. ബന്ധപ്പെട്ട ബാങ്കുകളില്‍ നിന്ന് മാത്രമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ നാണയങ്ങള്‍ പിന്‍വലിക്കുകയുള്ളൂ.
എന്നാല്‍, ഈ നാണയങ്ങള്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കാമെന്നും അതില്‍ പറയുന്നു. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന ഈ നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിതരണം നിര്‍ത്തിയ കുപ്രോനിക്കല്‍ നാണയങ്ങള്‍ താഴെപ്പറയുന്നവയാണ്:
1 രൂപാ നാണയം
50 പൈസ നാണയങ്ങള്‍
25 പൈസ നാണയങ്ങള്‍
10 പൈസ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നാണയങ്ങള്‍
10 പൈസ വെങ്കല അലുമിനിയം നാണയങ്ങള്‍
20 പൈസ അലുമിനിയം നാണയങ്ങള്‍
10 പൈസ അലുമിനിയം നാണയങ്ങള്‍
5 രൂപ അലുമിനിയം നാണയങ്ങള്‍
ഈ നാണയങ്ങള്‍ പിന്‍വലിക്കുകയാണെങ്കിലും ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ല. കോയിനുകളില്‍ ബാങ്കില്‍ നല്‍കുകയാണെങ്കില്‍, ഇടപാടുകള്‍ക്കായി അവ വീണ്ടും ഉപയോഗിക്കില്ല. പകരം പുതുതായി രൂപകല്‍പ്പന ചെയ്ത നാണയങ്ങളാണ് ബാങ്കുകള്‍ നല്‍കുക.
വിവിധ വലുപ്പത്തിലും തീമുകളിലും ഡിസൈനുകളിലുമുള്ള 50 പൈസ, 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ നാണയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഐസിഐസിഐ ബാങ്ക് പങ്കുവെച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. 2004ല്‍ ചെമ്ബ്, നിക്കല്‍, അലുമിനിയം എന്നിവ കൊണ്ട് നിര്‍മ്മിച്ച പഴയ നാണയങ്ങള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
2011 ജൂണ്‍ അവസാനത്തോടെ, 25 പൈസയോ അതില്‍ കുറവോ മൂല്യമുള്ള എല്ലാ നാണയങ്ങളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.