ന്യൂഡൽഹി: കോവിഡ് വാക്സിനുകൾക്ക് വിലയിട്ടതിന്റെ മാനദണ്ഡം വ്യക്തമാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ഹൈകോടതികളുടെ അധികാരം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ദേശീയ പ്രതിസന്ധിയുണ്ടാകുമ്പോൾ കേവലം കാഴ്ചക്കാരനായി നോക്കിനിൽക്കാനോ നിശ്ശബ്ദരാകാനോ കഴിയില്ലെന്നും ഓർമിപ്പിച്ചു.
ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം മൗലികാവകാശങ്ങളുടെ സംരക്ഷണത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതികളുടെ പ്രവർത്തനത്തിന് അനുപൂരകമാണ് സുപ്രീംകോടതി ഇടപെടൽ. ഓരോ സംസ്ഥാനത്തെയും യാഥാർഥ്യമറിയാൻ ഹൈക്കോടതിക്കാണ് കഴിയുക. ഒന്ന് മറ്റൊന്നിന് പകരമാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സംസ്ഥാന അതിർത്തികൾക്കപ്പുറത്തുള്ള വിഷയങ്ങൾ പരിഹരിക്കാനാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
രാജ്യത്ത് മൊത്തം ഓക്സിജൻ ലഭ്യത എത്രയുണ്ടെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കേന്ദ്ര സർക്കാറിനായില്ല. ആളുകൾ ചകിതരാകുന്ന അത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന മേത്തയുടെ അഭിപ്രായം സുപ്രീം കോടതി അംഗീകരിച്ചു.