വൈഗയെ കൊലപ്പെടുത്തിയത് താന്‍ തന്നെ; ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ല- സനു മോഹന്‍

സ്വന്തം ചോരയെ കൊല്ലാന്‍ പേടിയില്ലാത്ത സനുവിന് സ്വയം മരിക്കാന്‍ പേടിയോ? മൊഴി വിശ്വസിക്കാതെ പൊലീസ്‌

വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്‍ കുറ്റസമ്മതം നടത്തി. വൈഗയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം.

കടബാധ്യത പെരുകിയപ്പോള്‍ മകളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ മകളെ പുഴയെ തള്ളിയെങ്കിലും ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴിയില്‍ പറയുന്നു.

ഒരുമിച്ച്‌ മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ കെട്ടിപ്പിടിച്ച്‌ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി ശ്വാസം മുട്ടിച്ച്‌ കൊന്നു. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പുഴയില്‍ തള്ളി. എന്നാല്‍ ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ല. ഒളിവില്‍ പോയതല്ല, മരിക്കാനായി പോയതാണ്. പിന്നീടും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും സനു മോഹന്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, ഫ്ലാറ്റിൽ വെച്ച്‌ വൈഗ മരിച്ചിട്ടില്ലെന്നും ബോധരഹിതയായ കുട്ടി മരിച്ചെന്ന് കരുതി സനു മോഹന്‍ പുഴയില്‍ തള്ളുകയായിരുന്നു എന്നുമാണ് സൂചന. പുഴയിലേക്ക് വീഴുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന കുട്ടി പുഴയില്‍ വീണതിന് ശേഷമായിരിക്കാം മരിച്ചതെന്നും പൊലീസ് കണക്കുകൂട്ടുന്നു.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് കൊച്ചിയിലെത്തിച്ച സനു മോഹനെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.  സനുവിന്റെ പ്രാഥമിക ചോദ്യം ചെയ്യല്‍ യാത്രക്കിടെ പൂര്‍ത്തിയായതായി പൊലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. തൃക്കാക്കര അസി. കമ്മീഷ്ണര്‍ ഓഫീസിലാണ് സനു മോഹനെ സൂക്ഷിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്ക് കടക്കാനായിരുന്നു സനു മോഹന്റെ പദ്ധതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കൊച്ചി കങ്ങരപ്പടിയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ഇപ്പോള്‍ പിടിയിലാവുകയും ചെയ്ത സനു മോഹനില്‍നിന്ന് നിര്‍ണായകമായ നിരവധി വിവരങ്ങളാണ് പൊലീസ് തേടുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ ഇരുപത്തിരണ്ടിന് ഉച്ചയോടെ കളമശേരിക്കടുത്ത് മുട്ടാര്‍ പുഴയില്‍ നിന്നാണ് സനുവിന്റെ മകളായ പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗയുടേത് മുങ്ങി മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഒരാഴ്ച മുന്‍പുതന്നെ സനു മോഹന്‍ തിരോധാനത്തിനുള്ള പദ്ധതി തയാറാക്കിയെന്ന് പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും, ഫ്ലാറ്റിലെ പരിശോധനക്കിടെ കണ്ടെത്തിയ ആരുടെതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത രക്ത തുള്ളികളും കേസിന്റെ സങ്കീര്‍ണത കൂട്ടുന്നു. ഒപ്പം സനു മോഹന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സനു മോഹന്‍ കഴിഞ്ഞദിവസം കേരള പൊലീസ് പിടികൂടിയത്. മൂകാംബികയിലെ ലോഡ്ജില്‍ വച്ചാണ് ഇയാള്‍ തിരിച്ചറിയപ്പെട്ടത്. തുടര്‍ന്ന് ഇവിടെ നിന്ന് മുങ്ങിയതോടെ കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചിലാണ് നടത്തിയത്. കൊല്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്.

spot_img

Related Articles

Latest news